കോട്ടയം: കൊച്ചി ബോട്ടപകടത്തില്‍ പ്രതിപക്ഷത്തിന് മാത്രമല്ല ഭരണപക്ഷത്തെ പ്രമുഖര്‍ക്ക് പോലും വിശ്വാസയോഗ്യമല്ലാത്ത അന്വേഷണം നടത്തുന്ന എഡിജിപി പത്മകുമാര്‍, സിസ്റ്റര്‍ അമല വധക്കേസില്‍ ‘ഇടപെടുന്നതില്‍’ ദുരൂഹത.
കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസ് മാതൃകയില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണോ എഡിജിപിയുടെ അനവസരത്തിലുള്ള പ്രസ്താവനയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.
കോട്ടയം എസ്.പി സതീഷ് ബിനോയിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനിടക്ക് പ്രതിയേക്കുറിച്ച് നിര്‍ണ്ണായക സൂചന ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി പത്മകുമാര്‍ രംഗത്ത് വന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്.
എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥിതീകരിക്കാന്‍ തയ്യാറാകാത്ത കാര്യങ്ങളാണ് എഡിജിപി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളമ്പിയത്.
കേസിന്റെ ‘ പുരോഗതി’ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ എഡിജിപി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും മൂന്ന് പേരിലേക്കാണ് അന്വേഷണം നീളുന്നതെന്നും ചൂണ്ടിക്കാട്ടിയത് ദീപികയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിയാണെന്ന് പറഞ്ഞ് ഏതെങ്കിലും മനോരോഗിയെ അറസ്റ്റ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വസ്തുത വിശ്വാസയോഗ്യമായ രൂപത്തില്‍ തെളിവുകള്‍ സഹിതം പുറത്തുവിടാന്‍ അന്വേഷണ സംഘത്തിന് ബാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്.
മൃതദേഹത്തിലെ വസ്ത്രം മാറ്റിയതും രക്തം തുടച്ച് കളഞ്ഞതും ഇതിനകം തന്നെ ഏറെ സംശയങ്ങള്‍ക്കിട നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തെളിവുകള്‍ നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമായതിനാല്‍ വസ്ത്രം മാറ്റിയവരെയും രക്തം തുടച്ചുമാറ്റിയവരെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നില്ലെന്നതാണ് പൊലീസിന് നേരെ ഉയരുന്ന ചോദ്യം.
മൃതദേഹം കാണപ്പെട്ടാല്‍ ഉടനെ തന്നെ പൊലീസിനെ അറിയിച്ച് തുടര്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം തെളിവ് നശിപ്പിക്കാന്‍ ഉതകുന്ന രൂപത്തില്‍ ഇത്തരം പ്രവര്‍ത്തി ചെയ്തത് അതീവ ഗുരുതര കുറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തെ പിടിച്ചുകുലുക്കിയ അഭയ കൊലക്കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടപ്പോള്‍ യഥാര്‍ത്ഥ പ്രതികളെ പതിറ്റാണ്ടുകള്‍ക്ക് ശേഷം സിബിഐ ആണ് അറസ്റ്റ് ചെയ്തിരുന്നത്.
സിസ്റ്റര്‍ അമലയുടെ കൊലക്കേസിലെ ദുരൂഹത അകറ്റാന്‍ വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
കൊച്ചി ബോട്ടപകടത്തില്‍ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടത്പക്ഷം പ്രതിഷേധ സമരം നടത്തി വരികെയാണ് അമല കൊലക്കേസിലെ അദ്ദേഹത്തിന്റെ ‘വിവാദ’ പ്രതികരണം.
വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയതായുമുള്ള, സരിതാ നായരുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന എഡിജിപിക്ക് തന്നെ, ബോട്ടപകടത്തിന്റെ അന്വേഷണ ചുമതല നല്‍കിയതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
ഈ ‘കാരണങ്ങള്‍’ തന്നെയാണ് സിസ്റ്റര്‍ അമലയുടെ കൊലക്കേസ് അന്വേഷിക്കുന്ന പൊലീസിനും ഇപ്പോള്‍ വിനയാകുന്നത്.
ആരോപണ വിധേയരും അന്വേഷണം നേരിടുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണങ്ങളില്‍ ഇടപെടരുതെന്ന് സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ തന്നെ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.
കൊലയാളിയെ പിടികൂടുന്നതിന് മുന്‍പ് എഡിജിപി നടത്തിയ പ്രസ്താവന അന്വേഷണത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുമോയെന്ന ആശങ്ക ഇതിനാല്‍ തന്നെ ഇപ്പോള്‍ ശക്തമാണ്.
യഥാര്‍ത്ഥത്തില്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായി നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെ പ്രതിയേക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന.