അത്യാധുനിക സൗകര്യങ്ങളോടെ ഷാരൂഖിന്റെ ഡി.സി വാനിറ്റി വാന്‍

ഡി.സി ഡിസൈന്‍ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്ത അത്യാധുനിക വാനിറ്റി വാന്‍ ഇനി ബോളിവുഡ് താരം ഷാരുഖ് ഖാന് സ്വന്തം. ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വോള്‍വോ ബി 9 ആര്‍ ബസ്സാണ് ദിലീപ് ഛബ്രിയ നേതൃത്വം നല്‍കുന്ന ഡി.സി ഡിസൈന്‍ സ്റ്റുഡിയോ വാനിറ്റി വാനാക്കി മാറ്റിയത്. വീടിന് സമാനമാണ് ബസ്സിന്റെ ഉള്‍വശം. 14 മീറ്റര്‍ നീളമുള്ള ബസ്സിന്റെ ഉള്‍വശം 280 സ്‌ക്വയര്‍ഫീറ്റാണ്.

കിടപ്പുമുറി, ബെഡ് റൂം, മീറ്റിങ് റൂം, മേക്കപ്പ് റൂം എന്നിങ്ങനെ നാല് മുറികള്‍ ബസ്സിലുണ്ട്. ബസ് നിര്‍ത്തിയിട്ടാല്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഒരു മുറികൂടി നീട്ടിയെടുക്കാം. വോള്‍വോ ബസ് വാനിറ്റി വാനാക്കിമാറ്റാന്‍ 45 ദിവസമെടുത്തു.

നാല് കോടിയോളം ചിലവായെന്നാണ് വാര്‍ത്തകള്‍. ഗ്ലാസാണ് ബസ്സിന്റെ തറയില്‍ വിരിച്ചിട്ടുള്ളത്. ബാക്ക് ലൈറ്റ് സംവിധാനവുണ്ട്. റൂഫിലും വശങ്ങളിലും വുഡ് പാനലുകള്‍, കരുത്തുറ്റ എ.സി ആധുനിക എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ബസ്സിലുള്ളത്. നാല് മുറികള്‍ക്ക് പുറമെ പാന്‍ട്രി സെക്ഷന്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, ജിംനേഷ്യം എന്നിവയും ബസ്സിലുണ്ട്.

Top