അനശ്വര നടന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് 34 വയസ്സ്

മലയാളത്തിലെ അനശ്വരനടന്‍ ജയന്റെ വേര്‍പാടിന് 34 വര്‍ഷം. അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ അതുല്യനടന്റെ ആറുകൊല്ലത്തെ അഭിനയജീവിതം കൊണ്ട് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. സാഹസികതയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജയന്‍ നമ്മെ വിട്ട് പോയിട്ടും ഇന്നും ആ വിടവ് നികത്താന്‍ മലയാള സിനിമലോകത്തിന് ആയിട്ടില്ല.

1939ല്‍ കൊല്ലം തേവളളിയിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. നവിയില്‍ നിന്നു വിരമിച്ചശേഷമായിരുന്നു സിനിമാരംഗത്തേക്കെത്തുന്നത്. 1974ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമായി. മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായി മാറിയ അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലൂടെ നായക പദവിയിലെത്തിയ ജയന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

സാഹസികതയോട് ഏറെ ആഭിമുഖ്യം കാണിച്ച ജയന്‍ മരണത്തിന് കീഴടങ്ങിയതും സാഹസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു. 1980 നവംബര്‍ 16ന് കോളിളക്കം എന്ന ചിത്രത്തിലെ ഹെലികോപ്റ്റര്‍ അപകടത്തിലൂടെ മരണം ജയനെന്ന അതുല്യപ്രതിഭയെ കവര്‍ന്നെടുക്കുകയായിരുന്നു.

Top