ന്യൂയോര്‍ക്ക്: കറുത്തവര്‍ഗക്കാരനും നിരായുധനുമായ മൈക്കല്‍ ബ്രൗണ്‍ എന്ന കുട്ടിയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന് ഡാറന്‍ വില്‍സനെ വെറുതെ വിട്ട ഗ്രാന്റ് ജൂറിയുടെ വിധിയില്‍ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ് തുടങ്ങിയ അമേരിക്കയിലെ വന്ഗനരങ്ങളില് പതിനായിരക്കണക്കിന് പേരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സന് ലൂയിസില്‍ ക്രുദ്ധരായ ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞ ദിവസം വൈകിയാണ് വിധി പുറത്തുവന്നിരുന്നത്. വിധി പുറത്തുവന്ന ഉടനെ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പതിനായിരങ്ങള്‍ രംഗത്തെത്തി. ഫെര്ഗൂസനില് പ്രകോപിതരായെത്തിയ വന്‍ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. കൊലപാതകികളെന്ന് പോലീസിനെതിരെ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. മറ്റുചിലര്‍ പോലീസിന് നേരെ കല്ലും ബോട്ടിലുകളും എറിഞ്ഞ് പ്രതിഷേധിച്ചു. ന്യൂയോര്‍ക്കില്‍ പതിനായിരക്കണക്കിന് പേര് പ്രതിഷേധിച്ച് തെരുവിലിറങ്ങി. പ്രതിഷേധ റാലിയെ തുടര്‍ന്ന് ടൈംസ് സ്ക്വയറിലെ ട്രാഫിക് താറുമാറായി. ചിക്കാഗോയില്‍, മൈക്ക് ബ്രൗണിന് നീതി വേണമെന്നാവശ്യപ്പെട്ട പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പതിനായിരങ്ങള്‍ പ്രതിഷേധിച്ചു. ഫെര്ഗൂസനില് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് പുക പീരങ്കികള്‍ ഉപയോഗിച്ചു.
സൈനിക വാഹനങ്ങളും നൂറുകണക്കിന് പോലീസ് സേനാംഗങ്ങളും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഫെര്ഗൂസനില് നിലയുറപ്പിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ‘കൊലപാതകികള്‍, നിങ്ങള്‍ കൊലപാതകികള്‍’ എന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. വില്‍സണെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്ന് അറിഞ്ഞ ഉടന്‍ പോലീസ് പല സ്ഥലങ്ങളിലും വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതെല്ലാം തകര്‍ത്തെറിഞ്ഞു. ‘ഇവിടുത്തെ നീതി ഇതാണ്. സമ്പന്നരും വെളുത്തവരും എപ്പോഴും ആധിപത്യം നേടുന്നു. കറുത്തവരും പാവപ്പെട്ടവരും നിരന്തരം തഴയപ്പെടുന്നു’ ഫെര്‍ഗൂസനിലെ കറുത്തവര്‍ഗക്കാരനായ അന്റോണിയോ ബേണ്‍സ് പരാതിപ്പെടുന്നു.
നിരവധി രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രക്കും പ്രശ്നകലുഷിതമായ സാഹചര്യം താന്‍ ആദ്യമായാണ് നേരിടുന്നതെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ ദാനിയല്‍ ലാക് പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ശരിയായ വഴിയിലാണ്. വര്ഗവിവേചനാനന്തര ലോകത്താണ് ഇപ്പോള്‍ നാം ജീവിക്കുന്നത്. കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് രാജ്യത്തെ നയിക്കുമ്പോള്‍ പോലും ആഫ്രിക്കന്‍ അമേരിക്കക്കാരനെ കൊന്നൊടുക്കുന്ന പോലീസ് ഇവിടെ സുഖമായി ജീവിക്കുന്നു. ഇപ്പോള്‍ ഈ കാണുന്ന പ്രതിഷേധം നിരാശയില്‍ നിന്ന് ഉടലെടുത്തതാണെന്നും മില്യന്‍ ഹൂദീസ് ഫോര്‍ ജസ്റ്റീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡാന്റെ ബാറി ചൂണ്ടിക്കാട്ടി. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ പരമാവധി സംയമനമാണ് പുലര്‍ത്തുന്നത്. സൈന്യത്തിന്റെ വേഷത്തിലാണ് പോലീസെന്നും ഇവര്‍ തോക്കുകള്‍ കൈവശം വെച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ സായുധ വാഹനങ്ങളിലുള്ള പോലീസുകാര്‍ പ്രകോപനപരമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഗ്രാന്‍ഡ് ജൂറിയുടെ വിധിയില്‍ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. പ്രതിഷേധറാലികള്‍ പൊതുവെ സമാധാനപരമാണെങ്കിലും ചില സ്ഥലങ്ങളില്‍ പോലീസിന് നേരെ ആക്രമണം നടന്നു.