തിരുവനന്തപുരം: അപ്രതീക്ഷിതമായി സോളാര്‍ കേസില്‍ വന്ന വിധി സരിതയെ വീണ്ടും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമാക്കുന്നു. അരുവിക്കരയിലെ തെരുവോരങ്ങളില്‍ സരിതയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം.
ഇടത് മുന്നണിയും ബിജെപിയും, സരിതക്ക് ഇപ്പോള്‍ കോടതി കൊടുത്ത തടവ് നാളെ ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും കോടതി നല്‍കുമെന്ന പ്രചരണമണ് അഴിച്ച് വിടുന്നത്.
ജയിലില്‍ സരിതക്ക് ‘ബ്യൂട്ടി പാര്‍ലര്‍’ ഒരുക്കിയത് മുതല്‍ കോടതിയില്‍ പോകാന്‍ പതിനായിരങ്ങളുടെ സാരി ഉപയോഗിച്ചത് വരെ അരുവിക്കരയില്‍ പ്രചരണായുധമാകുകയാണ്.
ജയില്‍ മോചിതയാകാന്‍ സരിതക്ക് വഴിയൊരുക്കിയതും പല കേസുകളും ഒത്തു തീര്‍ക്കാന്‍ പണം നല്കിയതും യുഡിഎഫിലെ പ്രമുഖരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നവരും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസും സരിതയെ വഴിവിട്ട് സഹായിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പ്രധാന പ്രചരണം.
മുഖ്യമന്ത്രിയുമായി സരിത സംസാരിക്കുന്ന ഫോട്ടോയും സരിത പത്ര സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകളും വീണ്ടും അരുവിക്കരയില്‍ സജീവമാകുകയാണ്.
ഈ നേതാക്കളില്‍ പലരും ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന്റെ പ്രചാരണത്തിനായി സ്ഥലത്തുള്ളതിനാല്‍ അവരുടെ മനോവീര്യം തകര്‍ക്കാനും ഇതുവഴി പ്രതിപക്ഷം ലക്ഷ്യമിടുന്നുണ്ട്.
ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി കുടുംബയോഗങ്ങളിലും പ്രചാരണ യോഗങ്ങളിലും പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണ് പ്രധാനമായും പ്രതിപക്ഷത്തിന്റെ ആക്രമണം.
പ്രചാരണ ജാതകളിലും കുടുംബ യോഗങ്ങളിലും തെരുവ് പ്രസംഗങ്ങളിലും ഇപ്പോള്‍ നിറഞ്ഞാടുന്നത് കോടതി വിധിയും സരിതയുമാണ്.