ന്യൂഡല്‍ഹി:അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെ ഫിഫ എത്തിക്സ് കമ്മിറ്റി 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം അവസാനം സ്വിസ് അറ്റോര്‍ണി ജനറല്‍ അഴിമതി ആരോപണങ്ങളില്‍ ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
ഫിഫയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുംവിധം സംപ്രേഷണ കരാറുകള്‍ നല്‍കിയെന്നും യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനിക്ക് പണം നല്കിയെന്നുമുള്ള ആരോപണങ്ങളിലാണ് ബ്ലാറ്റര്‍ അന്വേഷണം നേരിടുന്നത്. ബ്ലാറ്ററുടെ ഓഫീസില്‍ സ്വിസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സെപ് ബ്ലാറ്റര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഫിഫയുടെ മുഖ്യ സ്പോണ്‍സര്‍മാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം.
അഞ്ചാം തവണയും ഫിഫയുടെ പ്രസിഡന്റായി ഈ വര്‍ഷം തെരെഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ രാജി വെക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.