ലോക സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗം. ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു. ലാസ് വേഗസിൽ നടക്കുന്ന സിനിമകോൺ വേദിയിൽ വെച്ചാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്നാണ് സിനിമയുടെ പേര്.
സിനിമയുടെ ചില പ്രധാനപ്പെട്ട ദൃശ്യങ്ങളും പ്രദർശിപ്പിക്കപ്പെട്ടു. ജേക്കിനെയും നെയിത്രിയെയും കേന്ദ്രികരിച്ചുള്ള ദൃശ്യങ്ങളിൽ പണ്ടോറയുടെ തിളങ്ങുന്ന നീല ജലത്തിന്റെ ഉപരിതലത്തിന് മുകളിലും താഴെയുമുള്ള മനോഹരമായ ഷോട്ടുകൾ ഉൾപ്പെടുന്നു. ആദ്യ സിനിമയിൽ അവതരിപ്പിച്ച ടോറുക്കിന്റെയും തിമിംഗലത്തെപ്പോലെയുള്ള ജീവികളുടെയും ഷോട്ടുകളും ഉണ്ടായിരുന്നു.
സംവിധായകൻ ജെയിംസ് കാമറൂണും നിർമ്മാതാവ് ജോൺ ലാൻഡൗവും ന്യൂസിലാൻഡിൽ നിന്നും വിർച്വൽ സാന്നിധ്യമായി. കാമറൂണിന്റെ തിരക്കഥയുടെ ഏറ്റവും വലിയ ശക്തി എന്നത് അത് ലോകത്തിൽ എവിടെയും പ്രയോഗികമാണ് എന്നതാണ് എന്ന് ലാൻഡൗ അഭിപ്രായപ്പെട്ടു.
സിനിമയുടെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന. സോ സൽദാന, സാം വർത്തിംഗ്ടൺ, കേറ്റ് വിൻസ്ലെറ്റ്, വിൻ ഡീസൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2050ലാണ് അവതാറിന്റെ കഥ നടക്കുന്നത്. 1832 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.
2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവൻ കളക്ഷൻ. സിനിമ ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്സ്, മോഷൻ പിക്ചേഴ്സ് ടെക്നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാർ നിർമ്മിച്ചത്. അവതാറിന് തുടർച്ചയുണ്ടാകുമെന്ന് 2012ൽ ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഭാഗം 2020 ഡിസംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മൂന്നാം ഭാഗം 2021 ഡിസംബർ 17നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബറിലുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ റിലീസ് സാധ്യമായില്ല. പുതിയ തിയതി അനുസരിച്ച് 2022 ഡിസംബർ 16ന് പ്രദർശനത്തിന് എത്തു. മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028ലും റിലീസ് ചെയ്യും.