അസ്ഥിക്കൂടം ലേലത്തില്‍ വിറ്റു; വില 1.85 കോടി

ലണ്ടന്‍: പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ വിഹരിച്ചിരുന്ന കൂറ്റന്‍ മാമ്മത്തിന്റെ അസ്ഥികൂടം 1.85 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. ഇംഗ്ലണ്ട് വെസ്റ്റ് സസക്‌സിലെ ബില്ലിംഗ്‌സ്‌ഹോഴ്സ്റ്റില്‍ നടന്ന ലേലത്തില്‍ സമ്മേഴ്‌സ് പ്ലേസ് ഓക്ഷനാണ് അപൂര്‍വമായി ലഭിക്കുന്ന അസ്ഥികൂടത്തെ ലേലത്തില്‍ വിറ്റത്.

നീണ്ട് രണ്ടു കൊമ്പുകളും ഒരുവിധം എല്ലാ അസ്ഥികളുമുള്ള അസ്ഥികൂടം ഹിമയുഗത്തില്‍ ജീവിച്ചിരുന്ന ആണ്‍ മാമ്മത്തിന്റെതാണെന്നാണ് ഗവേഷകരുടെ നിഗമനം. 18 അടി നീളവും 11.6 അടി ഉയരവുമുള്ള അസ്ഥികൂടത്തിന്റെ ഒന്നോ രണ്‌ടോ കാല്‍ വിരലുകള്‍ മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കൊമ്പുകള്‍ക്ക് എട്ട് അടിയാണ് നീളം.

ജീവിച്ചിരുന്ന കാലത്ത് മാമ്മത്തിനു ആറു ടണ്ണോളം ഭാരമുള്ളതായാണ് കണക്കാക്കുന്നത്. ദേഹം നിറയെ രോമവും നീണ്ട കൊമ്പുകളുമുള്ള മാമ്മത്ത്, സാധാരണ ആനയെ അപേക്ഷിച്ചു വളരെ വലിപ്പമേറിയതാണ്്. കഴിഞ്ഞ വര്‍ഷം ഡിപ്ലോഡോക്കസ് എന്ന ദിനോസറിന്റെ അസ്ഥികൂടം മൂന്നു കോടിയില്‍ പരം രൂപയ്ക്കാണ് ലേലത്തില്‍ വിറ്റഴിഞ്ഞത്.

Top