ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച് ഇറക്കാന്‍ പോകുന്നു എന്നതാണ് ടെക്ലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത. ‘വെയര്‍’ എന്ന പേരില്‍ വാച്ചുകള്‍ക്കായി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വേര്‍ ഇറങ്ങിയിട്ട് ഒരുവര്‍ഷത്തിലേറെയായി. ഈ സോഫ്റ്റ്വേറില് പ്രവര്‍ത്തിക്കുന്ന അരഡസനിലേറെ സ്മാര്‍ട്വാച്ചുകള്‍ ഇന്ന് വിപണിയിലുണ്ട്. മോട്ടറോളയുടെ മോട്ടോ 360, എല്‍.ജി.വാച്ച് ആര്, സോണി സ്മാര്‍ട്വാച്ച് 3 എന്നിവയെല്ലാം ഉദാഹരണങ്ങള്‍.
ഇവയ്ക്കെല്ലാം പുറമെയാണ് ടാഗ് ഹോയറും ഇന്റലുമായി കൂട്ടുചേര്‍ന്നുകൊണ്ട് ഗൂഗിള്‍ ഇറക്കാനിരിക്കുന്ന പുത്തന്‍ സ്മാര്‍ട്വാച്ചുകള്‍. ഫോര്‍മുല 1 കാറോട്ടമത്സരത്തിന്റെ സ്പോണ്‍സര്‍മാര്‍ എന്ന നിലയ്ക്ക് യൂറോപ്പിലെ ചെറുപ്പക്കാര്‍ക്കിടയില്‍ സുപരിചിതമാണ് ടാഗ് ഹോയര്‍ ( TAG Heuer ) എന്ന ബ്രാന്‍ഡ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ടാഗ് ഹോയര്‍ വാച്ചുകള്‍ കോടീശ്വരന്മാര്ക്ക് ഏറെ ഇഷ്ടപ്പെട്ട വസ്തുവും. ഗൂഗിളും ടാഗ്ഹോയറും തമ്മിലുള്ള സഖ്യനീക്കം ആഡംബരവാച്ച് വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടാഗ്ഹോയര് സ്മാര്ട്വാച്ചിലെ പ്രൊസസറുകളും സെന്‍സറുകളുമൊക്കെ ഇന്റലിന്റേതായിരിക്കും. ഇതുവരെയിറങ്ങിയ ആന്‍ഡ്രോയിഡ് വാച്ചുകളില്ലൊം ക്വാല്‍കോമിന്റെ പ്രൊസസറുകളായിരുന്നു ഉപയോഗിച്ചിരുന്നത്.
ഗൂഗിള്ടാഗ് ഹോയര്‍ വാച്ചുകളുടെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചോ അതിന്റെ വിലനിലവാരത്തെക്കുറിച്ചോ ഗൂഗിള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഇവ എന്നു വിപണിയിലെത്തുമെന്ന കാര്യവും ഗൂഗിള്‍ രഹസ്യമാക്കിവെക്കുന്നു.