കൊച്ചി: ഫോര്‍ട്ട് കൊച്ചി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആന്‍ലിയയുടെ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുകയാണ്.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആന്‍ലിയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. എന്നാല്‍, ആന്‍ലിയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി.
ഈ അന്വേഷണങ്ങളിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബംഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്. ആന്‍ലിയയെ കാണാനില്ലെന്ന വിവരം തങ്ങള്‍ വളരെ വൈകിയാണ് അറിഞ്ഞതെന്ന ആന്‍ലിയയുടെ രക്ഷിതാക്കളുടെ ആരോപണവും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയായിരുന്നു.