ന്യൂഡല്‍ഹി: ആറന്മുളയില് വിമാനത്താവളം വരുന്നതിനെതിരെ ശക്തമായ സമരം നടത്തിയ ആര്‍എസ്എസ് -ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് കനത്ത തിരിച്ചടിയായി.
കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുകൂല നിലപാട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പറന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് കുമ്മനം രാജശേഖരനും ആര്‍എസ്എസ് നേതൃത്വവും മറിച്ചൊരു തീരുമാനമുണ്ടായാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളെയെല്ലാം അവഗണിച്ചാണ് വിമാനത്താവള നിര്‍മ്മാതാക്കളായ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രം പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക യോഗമാണ് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കിയത്. ഭൂമി വിമാനത്താവള പദ്ധതിയ്ക്ക് അനുയോജ്യമല്ലെന്ന വാദം സമിതി തള്ളുകയും ചെയ്തു.
വിമാനത്താവളത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിന് ഹരിത ട്രൈബ്യൂണലായിരുന്നു കമ്പനിക്ക് ആദ്യം അനുമതി നിഷേധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു.
തുടര്‍ന്ന് അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ കമ്പനി വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കി. ഈ അപേക്ഷയിലാണ് ഇപ്പോള്‍ കമ്പനിക്ക് അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്.