ഇടുക്കിയിലെ തോല്‍വിക്ക് കാരണം നേതാക്കള്‍ പാലം വലിച്ചത്: കെ.പി.സി.സി ഉപസമിതി

തിരുവനന്തപുരം: ഇടുക്കിയിലെ തോല്‍വിക്ക് കാരണം പ്രധാന നേതാക്കള്‍ പാലംവലിച്ചതാണെന്ന് കെ.പി.സി.സി ഉപസമിതി. ഇടുക്കിയിലെ കനത്ത തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയ കെ.പി.സി.സി ഉപസമിതിയുടെ റിപ്പോര്‍ട്ടിലാണ് പ്രധാന നേതാക്കള്‍ക്കെതിരെ പരാമര്‍ശമുള്ളത്. ഡി.സി.സി പ്രസിഡന്റ് റോയ് കെ.പൗലോസ് ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ പ്രചാരണത്തില്‍ ഉഴപ്പി. നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡീന്‍ കുര്യാക്കോസ് ഇടതു സ്വതന്ത്രന്‍ ജോയിസ് ജോര്‍ജിനോടാണ് പരാജയപ്പെട്ടത്.

റോയ് കെ. പൗലോസിന് ഇടുക്കി സീറ്റില്‍ താല്‍പര്യമുണ്ടായിരുന്നു. സീറ്റ് ലഭിക്കാതെവന്നതോടെ റോയ് കെ.പൗലോസ് പ്രചാരണ രംഗത്ത് ഉഴപ്പി. എന്നാല്‍ മുന്‍ എം.എല്‍.എ ഇ.എം ആഗസ്തിക്ക് ബന്ധുസ്‌നേഹം കൂടിയതാണ് പ്രചാരണത്തില്‍ നിസംഗനാവാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോയ്‌സ് ജോര്‍ജ് ആഗസ്തിയുടെ ബന്ധുവാണ്.

തിരഞ്ഞെടുപ്പ് കാലത്ത് കത്തിനിന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തോല്‍വിക്ക് കാരണമായതായും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കേരളാകോണ്‍ഗ്രസിന് ക്ലീന്‍ചിറ്റ് നല്‍കാനും ഉപസമിതി മറന്നില്ല. തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് പാലംവലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top