ഇത് സുധീര വിജയം; ബാറുകള്‍ പൂട്ടിച്ച് ഹൈക്കോടതി ഉത്തരവായി

കൊച്ചി: ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചിട്ടും മദ്യ ലോബിക്ക് തിരിച്ചടി. കെ.പിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് നിയോഗിക്കേണ്ടി വന്ന പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം അംഗീകരിച്ചാണ് സര്‍ക്കാര്‍ മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയത്.

ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് മാത്യു പി. തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ശ്രദ്ധേയമായ വിധി. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചതോടെ സംസ്ഥാനത്ത് ഇനി 24 ബാറുകള്‍ മാത്രമാവും തുറന്നു പ്രവര്‍ത്തിക്കുക. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയും റദ്ദാക്കി. സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തില്‍ ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു .

സര്‍ക്കാരിന് നയം രൂപീകരിക്കാനും നടപ്പാക്കാനും അവകാശമുണ്ട്. ഇതില്‍ കോടതി കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. മദ്യം ഉപയോഗിക്കുന്നത് പൗരന്റെ അവകാശമാണെന്ന വാദം കോടതി തള്ളി. ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ബാറുടമകളുടെ വാദം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

കോടതി വിധി ബാര്‍കോഴ വിവാദത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന ബാര്‍ ഉടമകള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പൂട്ടിയ 418 ബാറുകള്‍ തുറപ്പിക്കാതെ സര്‍ക്കാരിനെയും ബാറുടമകളെയും മുള്‍മുനയില്‍ നിര്‍ത്തിയ വി.എം സുധീരനെ വ്യക്തിഹത്യ നടത്തിയ ബാറുടമകള്‍ക്കും കോടതി വിധി കനത്ത പ്രഹരമാണ്.

വിധി പ്രസ്താവനം പൂര്‍ത്തിയായ ശേഷമേ, കോടതി വിധി സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാവൂ എന്നു ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Top