സിഡ്നി: ആരാധകരില്‍നിന്നും ഒളിച്ച് പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ജനതയ്ക്കുവേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്ന ഡിവില്യേഴ്സിന്റെ പരാമര്‍ശനം കടമെടുത്തായിരുന്നു സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ കളിയാക്കല്‍. മറ്റു ടീമുകള്‍ ആരാധകര്‍ക്കുവേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവരെ കാണുന്നതേ കലിയാണെന്നാണ് പത്രം പറയുന്നത്.
ഇന്ത്യ ഇന്നലെ പരിശീലനം നടത്തിയത് ആരാധകരെയെല്ലാം ഗാലറിയില്‍ നിന്നും ഒഴിപ്പിച്ചശേഷമായിരുന്നു. ആയിരക്കണക്കിനു ആരാധകര്‍ ഇന്ത്യയുടെ പരിശീലനം കാണനെത്തിയിരുന്നു. എന്നാല്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടിലെത്തിയതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആരാധകരെ പുറത്താക്കി ഗേറ്റടച്ചു. എന്നാല്‍ പരിശീലനസെക്ഷന് അവസാനിച്ചശേഷം വിരാട് കോഹ്ലിയടക്കം ചില താരങ്ങള്‍ പുറത്തു തടിച്ചുകൂടിയ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് നല്കി. ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെയാണ് പരിശീലനം നടത്തിയത്.