ഇന്ത്യന്‍ നിര്‍മ്മിത ഫ്യൂസൊ ട്രക്കുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചു

ഇന്ത്യയില്‍ നിര്‍മിച്ച ‘ഫ്യുസൊ’ ട്രക്കുകള്‍ ദക്ഷിണ ആഫ്രിക്കയിലേക്കും കയറ്റുമതി തുടങ്ങി. 2013 മേയില്‍ കയറ്റുമതി ആരംഭിച്ചതു മുതല്‍ ഇന്ത്യന്‍ നിര്‍മിത ‘ഫ്യുസൊ’ ട്രക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുന്ന 14-ാമതു വിദേശ വിപണിയാണു ദക്ഷിണാഫ്രിക്ക.

നിലവില്‍ കെനിയ, ശ്രീലങ്ക, സാംബിയ, ടാന്‍സാനിയ, സിംബാബ്വെ, ബംഗ്ലദേശ്, ബ്രൂണെ, ഇന്തൊനീഷ, ദക്ഷിണ അമേരിക്കന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ, കംബോഡിയ തുടങ്ങിയ വിപണികളിലെല്ലാം ഇന്ത്യയില്‍ നിര്‍മിച്ച ‘ഫ്യുസൊ’ വില്‍പ്പനയ്ക്കുണ്ട്.

ആഗോളതലത്തില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണു ദക്ഷിണ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി.

നിലവില്‍ ‘ഫ്യുസൊ’യുടെ അഞ്ചു മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്: ഇടത്തരം ഹെവി ഡ്യൂട്ടി(ജി വി ഡബ്ല്യു 25 – 49 ടണ്‍) വിഭാഗത്തില്‍ എഫ് ജെ, എഫ് ഒ, എഫ് സെഡ്), ലഘു – ഇടത്തരം ഡ്യൂട്ടി(ജി വി ഡബ്ല്യു ഒന്‍പതു മുതല്‍ 16 ടണ്‍ വരെ) വിഭാഗത്തില്‍ എഫ് എ, എഫ് ഐ).

മിറ്റ്‌സുബിഷി ഫ്യുസൊ ട്രക്ക് ആന്‍ഡ് ബസ് കോര്‍പറേഷ(എം എഫ് ടി ബി സി)ന്റെ സഹകരണത്തോടെയാണു ഡെയ്മ്‌ലര്‍ ഇന്ത്യ ‘ഫ്യുസൊ’ ട്രക്കുകള്‍ വിദേശ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും പിന്നാലെ മധ്യ പൂര്‍വ ദേശത്തെയും ലാറ്റിന്‍ അമേരിക്കയിലെയും വിവിധ വിപണികളിലും ‘ഫ്യുസൊ’ മോഡലുകള്‍ വില്‍ക്കാനും പദ്ധതിയുണ്ട്.

Top