ഇന്ത്യന്‍ വാഹന വിപണന ശൃംഖല ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് പൊളാരീസ്

അമേരിക്കയിലെ ഓഫ് റോഡ് വാഹന നിര്‍മാതാക്കളായ പൊളാരിസ് 2016 അവസാനത്തോടെ വിപണന ശൃംഖല ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. 12 മുതല്‍ 35 ലക്ഷം രൂപ വരെ വിലമതിക്കുന്ന, ‘ഇന്ത്യന്‍’ ശ്രേണിയില്‍പെട്ട ആറു മോഡല്‍ ബൈക്കുകളാണു കമ്പനി നിലവില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

അടുത്ത അഞ്ചു വര്‍ഷക്കാലത്ത് ഇന്ത്യയിലെ ബൈക്ക് വില്‍പ്പനയില്‍ 20% വീതം വളര്‍ച്ച നേടാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
വരുംവര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ചന നിലനിര്‍ത്താനാവുമെന്ന് പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പങ്കജ് ദൂബെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

12 ലക്ഷം രൂപയിലേറെ വിലയുള്ള ബൈക്കുകള്‍ ഇടംപിടിക്കുന്ന സൂപ്പര്‍ബൈക്ക് വിഭാഗത്തിന്റെ ഇന്ത്യയിലെ വാര്‍ഷിക വില്‍പ്പന 1,200 – 1,500 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷമാണ് പൊളാരിസ് ‘ഇന്ത്യന്‍’ ശ്രേണിയില്‍പെട്ട ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമതു ഡീലര്‍ഷിപ് മുംബൈയില്‍ തുറന്നു. ക്രമേണ മെട്രോ ഇതര നഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു പൊളാരിസിന്റെ പദ്ധതി. അടുത്ത വര്‍ഷം അവസാനിക്കുംമുമ്പ് ഡീലര്‍ഷിപ്പുകളുടെ എണ്ണം 12 ആയി ഉയര്‍ത്താനാണു പദ്ധതി.

പുണെ, ഗോവ, ചണ്ഡീഗഢ്, കൊല്‍ക്കത്ത നഗരങ്ങള്‍ക്കൊപ്പം കൊച്ചിയിലും ‘ഇന്ത്യന്‍’ വില്‍പ്പനയ്ക്കായി പൊളാരിസ് ഷോറൂം തുറക്കുന്നുണ്ട്.

Top