ന്യൂഡല്‍ഹി: കൊറിയന്‍ കമ്പനി സാംസങ് ഇന്ത്യന്‍ വിപണി അടക്കി വാഴുന്നു. ഉപഭോക്തൃ ഉല്പന്ന വിപണിയില്‍ വരുമാനത്തിലും ലാഭത്തിലും സാംസങ്ങിന്റെ ആധിപത്യമാണെന്ന് കമ്പനികാര്യ രജിസ്ട്രാറുടെ പക്കല്‍ കമ്പനികള്‍ സമര്‍പ്പിച്ച രേഖകള്‍ വെളിപ്പെടുത്തുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 40 ശതമാനമാണ് വര്‍ധന.
രണ്ടാം സ്ഥാനത്ത് ധൂത് കുടുംബത്തിന്റെ വീഡിയോകോണാണ്. എന്നാല്‍ വീഡിയോകോണിനെ അപേക്ഷിച്ച് ഇരട്ടിയാണ് സാംസങിന്റെ വളര്‍ച്ച. 2013-14ല്‍ 40,392 കോടിയാണ് സാംസങ് ഇന്ത്യയില്‍നിന്ന് നേടിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത വീഡിയോകോണ്‍ ഇതേകാലത്ത് 18,157കോടി രൂപയാണ് നേടിയത്. 41 ശതാനമാണ് വളര്‍ച്ച.
തെക്കന്‍കൊറിയന്‍ കമ്പനിയായ എല്‍.ജിയാണ് മൂന്നാം സ്ഥാനത്ത്.11580 കോടിയായിരുന്നു വരുമാനം. ജാപ്പനീസ് കമ്പനി സോണിയാണ് നാലാം സ്ഥാനത്ത്. വരുമാനം 10,044 കോടി രൂപ. ഇന്ത്യന്‍ കമ്പനി ബജാജ് ഇലക്ട്രിക്കല്‍സ്, (4030 കോടി), വേള്‍പൂള്‍ (2835 കോടി), ജപ്പാന്റെ തന്നെ പാനസോണിക് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. അഞ്ചുവര്‍ഷം മുമ്പ് സാംസങ്ങിനെയും വീഡിയോകോണിനെയുംകാള് ഏറെ മുന്നില്‍ എല്‍.ജി യായിരുന്നു ഒന്നാം സ്ഥാനത്ത്.
മൊബൈല്‍ വിപണിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതാണ് സാംസങ്ങിന്റെ കുതിപ്പിന് കാരണം. 2008-10ല്‍ വരുമാനത്തിന്റെ 39 ശതമാനം മാത്രമായിരുന്നു ഈ വിഭാഗത്തില്‍ നിന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 69 ശതമാനമാണ്.
വിദേശ കമ്പനികളുടെ സബ്സിഡിയറികള്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാത്തവയായതിനാല് അവയുടെ ലാഭം വളരുമ്പോഴും നേട്ടത്തില്‍ പങ്കാളിയാവാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല.