കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വര്‍ണാഭമായ തുടക്കം. ഇന്ത്യയുടെ കലാപാരമ്പര്യം വിളിച്ചോതിയ പ്രകടനങ്ങളോടെയാണ് സൂപ്പര്‍ ലീഗിന് തിരിതെളിഞ്ഞത്. ഐഎസ്എല്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി പരിപാടി ഉദ്ഘാടനം ചെയ്തു.
താളമേള വാദ്യങ്ങളും, കലാപ്രകടനങ്ങളും, നൃത്തനൃത്ത്യങ്ങളും അരങ്ങു തകര്‍ത്ത ചടങ്ങിലാണ് സൂപ്പര്‍ ലീഗിന് കൊടികയറിയത്. ഐഎസ്എല്ലിലെ ടീമുകളുടെ ഉടമസ്ഥരില്‍ പ്രമുഖരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ഋത്വിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ വേദിയിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയണിഞ്ഞാണ് സച്ചിന്‍ വേദിയിലെത്തിയത്.
ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ജയിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ചത്. മൂന്ന് പോയിന്റുമായി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
സൗരവ് ഗാംഗുലിയുടെ ടീം സ്വന്തം മണ്ണില്‍ മുംബൈ സിറ്റി എഫ്‌സിയെ തൂത്തെറിഞ്ഞാണ് കൊല്‍ക്കത്ത പടയോട്ടം തുടങ്ങിയത്. വിദേശ കളിക്കാര്‍ക്കാണ് ആദ്യ മൂന്ന് ഗോളുകളും. 28ആം മിനിറ്റില്‍ ഫിക്രു ലെമേസയാണ് കൊല്‍ക്കത്തയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ബോര്‍ജ ഫെര്‍ണാണ്ടസില്‍ നിന്ന് നേരിട്ട് ലഭിച്ച പന്ത് ലെമേസ പ്രതിരോധക്കാര്‍ക്കിടയിലെ വിടവിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കി.
69 ാം മിനിറ്റില്‍ ബോര്‍ജ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തയുടെ ലീഡുയര്‍ത്തി. മുംബൈ പ്രതിരോധം ദുര്‍ബലമായി ക്ലിയര്‍ ചെയ്ത പന്ത് ലഭിച്ച ബോര്‍ജയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലാക്കുമ്പോള്‍, സുബ്രതാ പാല്‍ നിസ്സഹായനായി നോക്കിനില്‍ക്കുകയായിരുന്നു.
പിന്നെയും കൊല്‍ക്കത്ത താരങ്ങള്‍ കൂട്ടത്തോടെ മുംബൈ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. അങ്ങനെയൊരു കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു കൊല്‍ക്കത്തയുടെ മൂന്നാംഗോള്‍ പിറന്നത്. ഇന്‍ജുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍, ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് അര്‍നോള്‍ട്ട് ലിബര്‍ട്ട് അനായാസം വലയിലേക്ക് തോണ്ടിയിട്ടു.
ഗോള്‍മുഖത്തെത്തിയപ്പോഴെല്ലാം, ബാറിന് കീഴില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച ഗോളി സൂഭാശിഷ് റോയ് ചൗധരി മുംബൈയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി.