ബോളിവുഡില്‍ പുതിയ കലക്ഷന്‍ റെക്കോഡുകള്‍ തീര്‍ക്കുകയെന്നത് ആമിര്‍ ഖാന് ചിത്രങ്ങളുടെ ശീലമാണ്. ആമിര്‍ ഖാന്റെ പുതിയ ചിത്രം പികെ ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്ന സിനിമയെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പികെ.
ഇന്ത്യയില്‍ മാത്രം 5200 സ്ക്രീനുകളില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പികെയുടെ അണിയറ പ്രവര്‍ത്തകരെന്നു ബോളിവുഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്ത് 820 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. കഴിയാവുന്ന തിയെറ്റുകളിലെല്ലാം സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സംവിധായകന് രാജ്കുമാര് ഹിറാനി പറയുന്നു. ഡിസംബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുക. അനുഷ്ക ശര്‍മയാണ് ചിത്രത്തിലെ നായിക.