ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളുടെ എണ്ണം 13 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളുടെ എണ്ണം 13 ശതമാനം ഉയര്‍ന്ന് 1,209ലെത്തി. 137 കമ്പനികളാണ് കഴിഞ്ഞ വര്‍ഷം പുതുതായി എത്തിയത്. 2013ല്‍ ജാപ്പനീസ് കമ്പനികളുടെ എണ്ണം 1072 ആയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളുടെ എണ്ണം 2,000 ആയി ഉയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി കേന്ദ്ര വ്യവസായ നയ വികസന ബോര്‍ഡിന് കീഴില്‍ ‘ജപ്പാന്‍ പ്ലസ് ‘ യൂണിറ്റിന് കേന്ദ്ര വാണിജ്യ മന്ത്രാലയം തുടക്കമിട്ടിരുന്നു.

ജാപ്പനീസ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തേടുന്ന അനുമതി പത്രങ്ങളിന്മേലുള്ള നടപടികളും മറ്റും അതിവേഗമാക്കുകയാണ് ജപ്പാന്‍ പ്ലസിന്റെ പ്രധാന ദൗത്യം. 2014 ആഗസ്റ്റില്‍ നിക്ഷേപം തേടി ജപ്പാന്‍ സന്ദര്‍ശിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജപ്പാന്‍ പ്ലസിന്റെ രൂപീകരണം പ്രഖ്യാപിച്ചത്. ജപ്പാന്‍ പ്ലസിനെ ജാപ്പനീസ് സര്‍ക്കാരും ബിസിനസ് ലോകവും സ്വാഗതം ചെയ്യുകയും ചെയ്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം കോടി ജാപ്പനീസ് യെന്നിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നാണ് മോദിയുടെ സന്ദര്‍ശന വേളയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രഖ്യാപിച്ചത്.

Top