ന്യൂഡല്‍ഹി: 43 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഇന്ത്യയില്‍ ഇ വിസ. ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇ വിസ. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍(72 മണിക്കൂര്‍) ഇവിസ ലഭിക്കും. വിസയുടെ കാലാവധി 30 ദിവസമായിരിക്കും.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്, ഇസ്രായേല്‍, ജര്‍മ്മനി, സിംഗപ്പൂര്‍, റഷ്യ, ഉക്രൈന്, ബ്രസീല്‍, യു.എ.ഇ, ഒമാന്‍, ഫിലിപ്പീന്‍സ് തുടങ്ങി 43 രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഏഴ് ശതമാനമാണ് വിനോദ സഞ്ചാരമേഖലയില്‍ നിന്നുള്ള സംഭാവന. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇ വിസ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇ വിസ സൗകര്യത്തിലൂടെ വിനോദ സഞ്ചാരമേഖലയില്‍ നിന്നുള്ള സംഭാവന ഇരട്ടിയാക്കാന്‍ കഴിയുമെന്ന് ഉദ്ഘാടനവേളയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.