ഇന്ത്യയില്‍ നിര്‍മ്മിച്ച ‘ബീറ്റ്’ രണ്ടാമത്തെ കയറ്റുമതി വിപണിയായ മെക്‌സിക്കോയിലേക്ക്

ഇന്ത്യയില്‍ നിര്‍മിച്ച ‘ബീറ്റ്’ കാറുകള്‍ മെക്‌സിക്കോയിലേക്കു കയറ്റുമതി ചെയ്തു തുടങ്ങിയെന്നു ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ(ജി എം ഐ). മഹാരാഷ്ട്രയിലെ തലേഗാവ് ശാലയില്‍ നിര്‍മിച്ച കാറുകള്‍ മുംബൈ തുറമുഖം വഴിയാണു രണ്ടാമത്തെ കയറ്റുമതി വിപണിയായ മെക്‌സിക്കോയിലേക്കെത്തിക്കുന്നത്.

എട്ടാഴ്ചയ്ക്കുള്ളില്‍ മെക്‌സിക്കോയിലെത്തുന്ന കാറുകളുടെ വില്‍പ്പന ഡിസംബറോടെ തുടങ്ങാനാണു പദ്ധതി. ഇനി മുതല്‍ എല്ലാ മാസവും മെക്‌സിക്കോയിലേക്കു ‘ബീറ്റ്’ കയറ്റുമതി ചെയ്യാനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ തീരുമാനം.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ലേഔട്ടുള്ള, ഇന്ത്യന്‍ നിര്‍മിത ‘ബീറ്റി’നെ ‘സ്പാര്‍ക്ക്’ എന്ന പേരിലാണ് ജി എം വിദേശ വിപണികളില്‍ വില്‍ക്കുക. നിലവില്‍ എഴുപതോളം വിദേശ രാജ്യങ്ങളില്‍ ‘സ്പാര്‍ക്ക്’ വില്‍പ്പനയ്ക്കുണ്ട്.

ഇന്ത്യന്‍ നിര്‍മിത ‘ബീറ്റ്’ ആദ്യം ചിലിയിലേക്കാണു കപ്പല്‍ കയറിയത്. പിന്നാലെ മെക്‌സിക്കോയിലും എത്തി.

Top