ഇന്ത്യ-ചൈന യുദ്ധകാലത്ത് നെഹ്‌റു അമേരിക്കയോട് സഹായം തേടിയിരുന്നതായി വെളിപപെടുത്തല്‍

വാഷിങ്ടണ്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു 1962 ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അമേരിക്കയുടെ സഹായം തേടിയിരുന്നതായി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

ചൈനീസ് ആക്രമണത്തെ നേരിടാന്‍ യു.എസ് യുദ്ധ വിമാനങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് നെഹറു കത്തെഴുതിയിരുന്നു.

യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മുന്‍ ഉദ്യോഗസ്ഥനായ ബ്രൂസ് റയിഡല്‍ എഴുതിയ ടിബറ്റ്, ദ സി.ഐ.എ ആന്റ് ദ സിനോ ഇന്ത്യന്‍ വാര്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

കുറഞ്ഞത് 12 ഓളം യുദ്ധ വിമാനങ്ങള്‍ വേണം. ഇന്ത്യയില്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഒന്നുമില്ല. അതിനാല്‍ ഈ വിമാനങ്ങളില്‍ റഡാര്‍ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നത് ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതുവരെ യുഎസ് വായുസേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇവ കൈകാര്യം ചെയ്യണം. മാത്രമല്ല ടിബറ്റിനെ ആക്രമിക്കാനായി ബി 47 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളും വേണം. ഇവ ഒരിക്കലും പാക്കിസ്ഥാനെതിരായി ഉപയോഗിക്കില്ലെന്നും ചൈനയുടെ ആക്രമണത്തെ തടയാന്‍ മാത്രമാണുപയോഗിക്കുകയെന്നും നെഹ്‌റു കത്തില്‍ കെന്നഡിക്ക് ഉറപ്പു നല്‍കിയതായി ലേഖകന്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നാം ലോകത്തിന്റെ നേതാവായി വളര്‍ന്നുവരുന്ന നെഹറുവിനെ യുദ്ധത്തിലൂടെ അപമാനിക്കുകയായിരുന്നു ചൈനയുടെ പിതാവ് മാവോ സേതുങ്ങിന്റെ പ്രധാന ഉദ്ദേശ്യം. നെഹ്‌റു മുന്‍കൈയെടുത്ത് നടപ്പാക്കിയ ഇന്ത്യയുടെ വിദേശ നയമാണ് മാവോയെ പ്രകോപിപ്പിച്ചത്.

മാവോയുടെ പ്രധാന ലക്ഷ്യം നെഹറു ആയിരുന്നെങ്കിലും, അദ്ദേഹത്തെ തോല്‍പ്പിക്കുന്നതിലൂടെ അന്നത്തെ സോവിയറ്റ് റഷ്യയുടെ തലവന്‍ നികിത ക്രൂഷ്‌ചേവിനേയും, കെന്നഡിയേയും അപമാനിക്കുക എന്ന ഗൂഢ ഉദ്ദേശ്യവുമുണ്ടായിരുന്നു.

യുദ്ധം രൂക്ഷമായപ്പോള്‍ പരിഭ്രമിച്ച ജവഹര്‍ലാല്‍ നെഹറു വീണ്ടും കെന്നഡിക്ക് കത്തെഴുതി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ വഴി നല്‍കിയ കത്തില്‍ വ്യോമാക്രമണത്തില്‍ പങ്കെടുത്ത് ചൈനക്ക് തിരിച്ചടി നല്‍കണമെന്ന് പറയുന്നു. പത്തുവര്‍ഷം മുമ്പ് കൊറിയയില്‍ വച്ച് ചൈനയുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയ യു.എസിനോടാണ് നെഹറു ഇങ്ങനെ ആവശ്യപ്പെട്ടതെന്നും റെയ്ഡല്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top