മെല്‍ബണ്‍: ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ചാംപ്യന്മാരായെത്തിയ ഇന്ത്യയും എ ഗ്രൂപ്പിലെ അവസാനക്കാരായ ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സാധ്യതകള്‍ അധികവും ഇന്ത്യയ്ക്ക് തന്നെയാണ്. പക്ഷെ ബംഗ്ലാദേശിനെ എഴുതിത്തള്ളാന്‍ സാധിക്കില്ല. കളി ക്രിക്കറ്റാണ് രണ്ടോ മൂന്ന് നല്ല പന്തുകളാകും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക. അട്ടിമറിക്ക് കെല്‍പ്പുണ്ടെന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അവര്‍ തെളിയിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെ അട്ടിമറിച്ച അവര്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ തങ്ങളാണെന്ന് തെളിയിച്ച അവരെ നിസാരക്കാരായി കാണുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടുക തന്നെ ചെയ്യും.
2007ലെ ലോകകപ്പില്‍ അത് സംഭവിക്കുകയും ചെയ്തിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹിമിന്റെയും ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയുടെയും മികവില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു ബംഗ്ലാ കടുവകള്‍. എന്നാല്‍ 2011ല്‍ കഥയാകെ മാറി. വീരേന്ദ്ര സെവാഗിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറികള്‍ക്ക് മറുപടി നല്‍കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല.
സ്വന്തം നാട്ടില്‍ നടന്ന മത്സരമായിരുന്നിട്ടു കൂടി ഇന്ത്യയോട് പൊരുതി നോക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. മെല്‍ബണിലാണ് മത്സരമെന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. ബംഗ്ലാദേശ് ടീമിന് വലിയ ബൗണ്ടറികള്‍ എന്നും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോട് കളിച്ചപ്പോഴും കാര്യമായ പോരാട്ടം നടത്താതെ അവര്‍ കീഴടങ്ങിയിരുന്നു.