ചെന്നൈ: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മിന്നുന്ന വിജയം സിനിമാരംഗത്തും സജീവ ചര്‍ച്ചയാകുന്നു. കഥാദാരിദ്ര്യം മൂലം അന്തംവിട്ട് നില്‍ക്കുന്ന തിരക്കഥാകൃത്തുക്കള്‍ക്ക് ആയുധമാണിപ്പോള്‍ കെജ്‌രിവാളിന്റെ ഒറ്റയാന്‍ വിജയം.
നേരത്തെ കെജ്‌രിവാളിന്റെ ഗാന്ധി തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് കമലഹാസന്‍ അഭിനയിച്ച ‘ഇന്‍ഡ്യന്‍’സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന മുന്‍ സ്വാതന്ത്ര്യസമര സേനാനിയുടെ ഉജ്വല വേഷമാണ് കമലഹാസന്‍ ഇന്‍ഡ്യനില്‍ അവതരിപ്പിച്ചത്. അഴിമതി നടത്തിയ മകനെ കൊല്ലുവാന്‍ പോലും മടിക്കാത്ത ഒരച്ഛന്റെ മനസ് വൈകാരികതയോടുകൂടിയാണ് സിനിമയില്‍ അവതരിപ്പിക്കപ്പെട്ടത്.
തമിഴിലെ തന്നെ മറ്റൊരു സൂപ്പര്‍ താരം അര്‍ജുനും ‘മുതല്‍വന്‍’ എന്ന ചിത്രത്തില്‍ അനീതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടുന്ന നായകന്റെ വേഷമാണ് അവതരിപ്പിച്ചത്. കെജ്‌രിവാള്‍ സ്റ്റൈലില്‍ കള്ളപ്പണത്തിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രിവരെ ആകുന്ന നായകന്‍ ഒടുവില്‍ സ്വന്തം ജീവിതത്തില്‍ നേരിടുന്ന സാഹസികത പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ഈ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളും സംവിധാനം ചെയ്ത പ്രശ്‌സ്ത സംവിധായകന്‍ ശങ്കറിന്റെ മനസില്‍ അന്ന് രൂപപ്പെട്ട കഥാപാത്രം രാജ്യത്ത് അവതരിക്കുമെന്ന് അദ്ദേഹം സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാകില്ല.
ഇന്‍ഡ്യനിലെയും മുതല്‍വനിലെയും കഥാപാത്രങ്ങള്‍ക്ക് സിനിമയ്ക്കായി നല്‍കിയ ചില വീര പരിവേഷങ്ങളും അസാധാരണത്വവും മാറ്റിവച്ചാല്‍ അരവിന്ദ് കെജ്‌രിവാളിനോട് എന്തുകൊണ്ടും ഒരു പരിധിവരെ താരതമ്യപ്പെടുത്താവുന്ന കഥാപാത്രങ്ങളാണ് രണ്ട് സിനിമയിലെയും നായക കഥാപാത്രങ്ങള്‍ക്കുള്ളത്.
ശങ്കറിന്റെ പുതിയ സിനിമയായ’ഐ’എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ നായക കഥാപാത്രമായ വിക്രം പറയുന്ന ‘അതുക്കും മേലെ’ എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗ് ആണ് ആം ആദ്മി പാര്‍ട്ടിയുടെ വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കില്‍ തരംഗമാകുന്നത്. വിജയത്തിനും അപ്പുറമാണ്’അതുക്കും മേലെ’ എന്നതാണ് ആ ഡയലോഗ്.