ഈജിപ്ത് മുന്‍ പ്രസിഡന്റ് മുര്‍സിക്ക് കെയ്‌റോ കോടതി 20 വര്‍ഷത്തെ തടവ് വിധിച്ചു

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റൂം മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് കെയ്‌റോ ക്രിമിനല്‍ കോടതി 20 വര്‍ഷത്തെ ജയില്‍വാസം. 2012 ഡിസംബറില്‍ മുര്‍സിയുടെ കൊട്ടാരത്തിന് പുറത്ത് പ്രക്ഷോഭകാരികളെ വധിക്കാന്‍ പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് ശിക്ഷ. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് മൂന്ന് കേസുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
2013 ല്‍ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയായിരുന്നു മുര്‍സി. ഇതിനെതിരെ മുര്‍സി അനൂകൂലികള്‍ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. കൈറോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഈ വെടിവെപ്പിനെ ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം’ എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് മുര്‍സി അനുകൂലികളും തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്.
2014 വരെ രാജ്യത്ത് 1212 പേരെയാണ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. മുസ് ലിം ബ്രദര്‍ഹുഡ് മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീഉം ഇതില്‍ ഉള്‍പ്പെടുന്നു.

Top