ലണ്ടന്‍ : സാഹിത്യ രംഗത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നായ മാന്‍ ബുക്കര്‍ പ്രൈസിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ജമൈക്കന്‍ എഴുത്തുകാരന് മാര്‍ലന്‍ ജയിംസിന്. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്.
അകാലത്തില്‍ പൊലിഞ്ഞുപോയ പ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്കാരം. 1970 കളില്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 യൂറോയാണ് സമ്മാനത്തുകയായി ജയിംസിന് ലഭിക്കുക.
പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സുഞ്ജീവ് സഹോത ഇടം നേടിയിരുന്നെങ്കിലും പുരസ്കാരം നേടാനായില്ല. സുഞ്ജീവ് സഹോതയുടെ ദി ഈയര്‍ ഓഫ് ദ റണ്‍ എവേയ്സ് എന്ന ആഖ്യായികയാണ് അന്തിമപട്ടികയിലെ ആറ് രചനകളില്‍ ഒന്നായി പരിഗണിക്കപ്പെട്ടത്.
ടോം മക്കാര്‍ത്തിയുടെ (ബ്രിട്ടന്) സാറ്റിന് ഐലന്‍ഡ്, ചിഗോസി ഒബിയോമയുടെ (നൈജീരിയ) ദ് ഫിഷര്‍മെന്‍, ആന്‍ ടൈലറിന്റെ (യുഎസ്) സ്പൂള്‍ ഓഫ് ബ്ലൂ ത്രെഡ്, ഹാന്യ യനാഗിഹാരയുടെ (യുഎസ്) എ ലിറ്റില്‍ ലൈഫ് എന്നീ നോവലുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റു കൃതികള്‍.