രഹസ്യമായി ഉടുപ്പഴിച്ച വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി പ്രമുഖ ഇടത് ചിന്തകനും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ ഉടുപ്പഴിച്ച് നടത്തിയ സമരത്തെ പരിഹസിച്ചു കൊണ്ടായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പ്രസ്താവന.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പേജിന് താഴെ നിരവധി പേര്‍ ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ് വീണ്ടും രംഗത്തെത്തി.

ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും താന്‍ നടത്തിയിട്ടില്ല ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല. സ്ത്രീകളെ താന്‍ ബഹുമാനിക്കുന്നു. സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ്പരോക്ഷമായി വിമശിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top