ഉണ്ണി മുകുന്ദന്റെ നായികയായി സന അല്‍ത്താഫ്

ഉണ്ണി മുകുന്ദന്റെ നായികയായി യുവതാരം സന അല്‍ത്താഫ്. ഇതിഹാസ എന്ന ഫാന്റസി ത്രില്ലറിന് ശേഷം ബിനു എസ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരു ഒന്നിക്കുന്നത്. ഇതൊരു മുഴുനീള യുവതാര ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതു വരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ കാര്‍ ഒരു പ്രധാന കഥാപാത്രമാണെന്ന് ബിനു പറഞ്ഞു. ചിത്രത്തില്‍ രാജീവ് പിള്ളയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ഹ്യൂമറും, ആക്ഷനും റൊമാന്‍സുമുള്ള ഒരു എന്റര്‍ടെയിനറായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

അനില്‍ നാരായണനും അരുണ്‍ ഡൊമിനിക്കും തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജാസി ഗിഫ്റ്റാണ് നിര്‍വ്വഹിക്കുന്നത്.

ജെയിംസ് ആല്‍ബര്‍ട്ടിന്റെ മറിയം മുക്ക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികാ വേഷത്തിലാണ് ഇതിന് മുമ്പ് സന അഭിനയിച്ചത്. ലാല്‍ ജോസ് ഒരുക്കിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരി വേഷം ചെയ്താണ് സന സിനിമയില്‍ എത്തിയത്.

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ സന ആഷിക് അബുവിന്റെ റാണി പത്മിനി എന്ന ചിത്രത്തിലും ചെറിയ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരേയും റിമയേയും പോലെ മലയാളത്തിലെ മികച്ച നായികമാര്‍ക്കൊപ്പം അഭിനയിക്കാനായി താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് സന പറഞ്ഞു. ഈ രണ്ട് ചിത്രങ്ങളുടേയും ചിത്രീകരണം ഏകദേശം ഒരേ സമയത്താണ് തുടങ്ങുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top