വിയന്ന : ക്രൂഡോയില്‍ വില ആറ് മാസം കൊണ്ട് 30 ശതമാനത്തോളം ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഇനിയും വിലകുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍.ലോകത്തെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിന്റെ നിര്‍ണായക യോഗത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനമുണ്ടായേക്കുമെന്നായിരുന്നു നിഗമനം.
എന്നാല്‍ പ്രമുഖ എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യയടക്കം എതിരായ സാഹചര്യത്തില്‍ ഉത്പാദനം കുറച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞു.ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും ഉത്പാദനം കുറയ്ക്കില്ലെന്ന നിലപാടാണ് സൗദിക്കുള്ളത്. നിലവില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 73 ഡോളറിനും താഴെയാണ്. എണ്ണ വിപണിയില്‍ ഉടന്‍തന്നെ വില സ്ഥിരത നേടാന്‍ സാധിക്കുമെന്നാണ് സൗദി ഓയില്‍ മന്ത്രി അലി അല്‍ നയിമി പറഞ്ഞത്.
ആഗോള സമ്പദ് വ്യവസ്ഥയില്‍ മെല്ലെപ്പോക്ക് തുടരുന്നത് എണ്ണയുടെ ഡിമാന്‍ഡ് കുറഞ്ഞതും, റഷ്യ, അമെരിക്ക തുടങ്ങിയ രാജ്യങ്ങള്‍ എണ്ണയുത്പാദനം വര്‍ധിപ്പിച്ചതും വിപണിയില്‍ എണ്ണ വില ഇടിയുന്നതിന് കാരണമായി. അമെരിക്കയുടെ എണ്ണ ഉത്പാദനം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുകയാണ്.അതേസമയം ലോകത്തെ 40 ശതമാനവും എണ്ണയുത്പാദനം നടത്തുന്ന ഒപ്പെക്ക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാത്ത പക്ഷം ക്രൂഡോയില്‍ വില ബാരലിന് 60 ഡോളര്‍ നിലവാരത്തിലെത്തുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.