ഉലകനായകന് കമല്ഹാസന് 61ആം പിറന്നാള്‍. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഉലകനായകന്റെ പിറന്നാള്‍ ആഘോഷം. എങ്കിലും പിറന്നാള്‍ ദിനങ്ങളില്‍ താന്‍ മനസില്‍ ആദരിക്കുന്ന എഴുത്തുകാരില്‍ ഒരാളെ നേരില്‍ കാണുക എന്ന പതിവ് തെറ്റിച്ചില്ല കമല്‍. പിറന്നാള്‍ ദിനമായ ഇന്ന് മുതിര്‍ന്ന തമിഴ് എഴുത്തുകാരന് കി രാജനാരായണനെ സന്ദര്‍ശിച്ചു.
കരിസല്ക്കാറ്റ് കലൈഞ്ജന്‍ എന്ന് ജനം വിളിക്കുന്ന എഴുത്തുകാരനെ അദ്ദേഹത്തിന്റെ പോണ്ടിച്ചേരിയിലെ വസതിയിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്. രാജനാരായണനൊപ്പം ഏറെനേരം ചെലവിട്ട കമല്‍ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പാരിതോഷികവും നല്‍കിയാണ് മടങ്ങിയത്.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ രാജനാരായണന്‍ എണ്‍പതുകളില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം തൂങ്കാവനത്തിന്റെ സംഭാഷണമെഴുതിയ ശുകയുമൊത്താണ് കമല്‍ പ്രിയ എഴുത്തുകാരനെ സന്ദര്‍ശിക്കാനെത്തിയത്.
ബാലതാരമായി സിനിമയിലെത്തി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായി തുടരുന്നിടത്താണ് കമല്‍ഹാസന്റെ ചലച്ചിത്രസപര്യ എത്തിനില്‍ക്കുന്നത്.
നവംബര്‍ പത്തിന് പുറത്തിറങ്ങാനിരിക്കുന്ന തൂങ്കാവനമാണ് കമലിന്റെ പുതിയ റിലീസ്. രാജേഷ് എം ശെല്‍വയാണ് സംവിധാനം. രണ്ട് പതിറ്റാണ്ടിന് ശേഷം കമല്ഹാസന് നായകനായി മടങ്ങിയെത്തുന്ന പുതിയ ചിത്രവും അണിയറയിലാണ്. ടികെ രാജീവ് കുമാറാണ് സംവിധായകന്.
കളത്തൂര്‍ കണ്ണമമ്മയില് ബാലതാരമായാണ് കമല്‍ എത്തിയത്. അപരസംക്രമണത്തിലെ അത്യുല്ഹാസത്തിലും പരീക്ഷണത്വരയിലുമാണ് കമലിനെ ഇന്ത്യന്‍ സിനിമ അമ്പത്തിയഞ്ച് വര്‍ഷം ദര്‍ശിച്ചത്. മരുതനായകം, മര്‍മ്മയോഗി എന്നീ ചിത്രങ്ങള്‍ സ്വപ്നമായി അവശേഷിക്കുമ്പോള്‍ കമല്‍ തന്നിലെ നടനശരീരം സിനിമയ്ക്ക് ഇഷ്ടദാനം നല്കി പരീക്ഷണം തുടരുകയാണ്.
രജനീകാന്തിനെ സൂപ്പര്‍താരമായി തമിഴകം ആഘോഷിച്ചപ്പോള്‍ നടനസിംഹാസനം കമലില്‍ ഭദ്രമായിരുന്നു.