ഉലകനായകന്‍ കമല്‍ഹാസന്‍ പൊലീസ് ഒഫീസറാകുന്നു

ഉലകനായകന്‍ കമല്‍ഹാസന്‍ അടുത്തതായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ പൊലീസ് ഓഫീസറായെത്തുന്നു. തമിഴ്-തെലുങ്ക് ഭാഷയില്‍ ഒരുങ്ങുന്ന പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലര്‍ ചിത്രത്തില്‍ കമല്‍ പൊലീസ് ഒീഫീസറായാകും രംഗത്തെത്തുക. കമലിന്റെ ദീര്‍ഘ കാല അസോസിയേറ്റ് ആയിരുന്ന രാജേഷാണ് ഈ ചിത്രം ഒരുക്കുന്നത്.

ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മേയ് മൂന്നാം വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം തൃഷ ആണ്. പ്രകാശ് രാജും വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൊഹമ്മദ് ഗിബ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഇത് നാലാം തവണയാണ് അദ്ദേഹം കമലിനൊപ്പം പ്രവര്‍ത്തിക്കുന്നത്.

ഈ സിനിമയുടെ ചിത്രീകരണം മൗറീഷ്യസില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. മൗറീഷ്യസിലെ ചില ദ്വീപുകളെല്ലാം ചിത്രത്തിന്റെ ലൊക്കേഷന് വേണ്ടി കമല്‍ നോക്കി വച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ത്യയില്‍ തന്നെ ഷൂട്ടിംഗ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Top