തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച തടവു ശിക്ഷ പൂര്‍ത്തിയാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ജയരാജനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എതിരേറ്റു. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11 മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
കോടതി തന്നെ ശിക്ഷിച്ചത് കമ്യൂണിസ്റ്റുകാരനായതിനാലാണെന്ന് ജയരാജന്‍ പുറത്തിറങ്ങിയ ശേഷം പറഞ്ഞു. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു പ്രസംഗത്തില്‍ നടത്തിയ ശുംഭന്‍ പ്രയോഗത്തെ തുടര്‍ന്നാണ് ജയരാജന്‍ കോടതിയലക്ഷ്യ നടപടി നേരിട്ടത്. ആറ് മാസം തടവ് ശിക്ഷയായിരുന്നു ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നാല് ആഴ്ചയായി കുറയ്ക്കുകയായിരുന്നു. നേരത്തെ 9 ദിവസം തടവില്‍ കഴിഞ്ഞതിനാല്‍ 19 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.