എഎപി മന്ത്രിസഭ: മനീഷ് സിസോദിയക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രണ്ടാമനും കെജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയക്ക് ഉപമുഖ്യമന്ത്രിപദവി ലഭിച്ചേക്കും. ബുധനാഴ്ച രാത്രി കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന എ.എ.പി രാഷ്ട്രീയകാര്യ സമിതിയാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ തത്വത്തില്‍ ധാരണയായത്.

എ.എ.പിയുടെ രൂപീകരണം മുതല്‍ കെജ്‌രിവാളിനൊപ്പമുള്ള സിസോദിയ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു. സിസോദിയക്ക് മുമ്പ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗര വികസനം എന്നീ വകുപ്പുകള്‍ തന്നെ നല്‍കിയേക്കും.

സിസോദിയയെ കൂടാതെ മന്ത്രിസഭയിലേക്ക് ജിതേന്ദ്ര തോമര്‍ (ത്രൈനഗര്‍), സന്ദീപ് കുമാര്‍ (സുല്‍ത്താന്‍പുര്‍), അസിം അഹമ്മദ് ഖാന്‍ (മാതിയ മഹല്‍), കപില്‍ മിശ്ര (കരാവല്‍ നഗര്‍), വനിതാ പ്രാതിനിധ്യമായി അല്‍ക ലാംബ (ചാന്ദ്‌നി ചൗക്ക്)ക്കും സാധ്യതയുണ്ട്. ഒന്നാം എ.എ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന സോംനാഥ് ഭാരതി, ദലിത് നേതാവ് ഗിരീഷ് സോണി, സൗരവ് ഭരദ്വാജ്, രാഖി ബിര്‍ള എന്നിവര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടായിരിക്കില്ല.

നിയമസഭാ സ്പീക്കറായി റാം നിവാസ് ഗോയല്‍ (ഷഹ്ദറ)യെയും ഡെപ്യൂട്ടി സ്പീക്കറായി ബന്ദനാ കുമാരി (ഷാലിമാര്‍ മാര്‍ഗ്)യെയും എ.എ.പി പരിഗണിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ഡല്‍ഹി രാംലീലാ മൈതാനത്താണ് കെജ് രിവാള്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. മുമ്പ് 2013ല്‍ കെജ്‌രിവാളും സംഘവും സത്യപ്രതിജ്ഞാ ചെയ്തത് രാംലീലാ മൈതാനത്തായിരുന്നു.

Top