എച്ച്ടിസിയുടെ ഡ്യുവല്‍ സിം മോഡലായ എച്ച്ടിസി 820 ജി+ തായ്‌വാനില്‍ ലോഞ്ച് ചെയ്തു. ഒക്ടാകോര്‍ സിസ്റ്റം ഓണ്‍ ചിപ്പ്, 5.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, തുടങ്ങി ഏറെ സവിശേഷതകളോടെ വിപണിയിലെത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന് ഏകദേശം 12,350 രൂപയാണ് വില. ഈ മോഡല്‍ എന്ന് ഇന്ത്യയിലെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓഎസിലധിഷ്ടിതമായ എച്ച്ടിസി 820 ജി+ ല്‍ 5.5 ഇഞ്ച് എച്ച് ഡി (720 ഗുണം 1280 പിക്‌സല്‍ ഡെന്‍സിറ്റി) സ്‌ക്രീനാണുള്ളത്. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പ്രൈമറി കാമറയാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. 8 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി കാമറയുമുണ്ട്. 1.7 ജിഗാഹെര്‍ട്‌സ് ക്ലോക്ക് സ്പീഡുള്ള ഒക്‌റ്റോകോര്‍ പ്രൊസസര്‍, 1 ജിബി റാം, 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 32 ജിബി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
എഫ് എം റേഡിയോ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിആര്‍എസ്/എഡ്ജ്, ജിപിഎസ്/ എ-ജിപിഎസ്, 3ജി, മൈക്രോ യുഎസ്ബി എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. ഔദ്യോഗിക ലിസ്റ്റിംഗനുസരിച്ച് 4ജി-യും ഈ മോഡല്‍ സപ്പോര്‍ട്ടു ചെയ്യും. 12 മണിക്കൂര്‍ സംസാരസമയവും 560 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കാന്‍ ശേഷിയുള്ള 2600 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 155 ഗ്രാമാണ് എച്ച്ടിസി 820 ജി+ ന്റെ ഭാരം.
എച്ച്ടിസി 626ജി+ ഡ്യുവല്‍ സിം മോഡലും തായ്‌വാനില്‍ ഇതേ വേദിയില്‍ ലോഞ്ച് ചെയ്തു. 2015 ഏപ്രിലില്‍ ഇന്ത്യയില്‍ ലോഞ്ചചെയ്ത ഈ മോഡലിന് 16,900 രൂപയാണ് വില. 5 ഇഞ്ച് എച്ച് ഡി (720 ഗുണം 1280 പിക്‌സല്‍ ഡെന്‍സിറ്റി) ഡിസ്‌പ്ലേ, 1.7 ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 1 ജിബി റാം, 13 എംപി പിന്‍കാമറ, 5 എംപി മുന്‍കാമറ, 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് തുടങ്ങിയവയാണ് എച്ച്ടിസി 820 ജി+ ന്റെ പ്രധാന ഫീച്ചറുകള്‍.