ഐ.ജിയോട്‌ കാണിച്ച ‘മാതൃക’ ചൂണ്ടിക്കാട്ടി എഞ്ചിനീയര്‍മാര്‍;വെട്ടിലായി ആഭ്യന്തരവകുപ്പ്‌

തിരുവനന്തപുരം: സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രണ്ട് ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്ത് സര്‍ക്കാരിന് പുലിവാലാകും.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്‌പെന്‍ഷനില്‍ തുടരണമെന്നും ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്താല്‍ ആറ് മാസം കഴിയാതെ റിവ്യു കമ്മിറ്റി പരിഗണിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ ആഭ്യന്തര സെക്രട്ടി നളിനി നെറ്റോയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ കാര്യത്തില്‍ ജലസേചന-പൊതുമരാമത്ത് വകുപ്പു മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം റിവ്യു കമ്മിറ്റിക്ക് വിട്ട് പരിഹരിക്കാനുള്ള നീക്കം തകര്‍ക്കുന്നതാണ് വിജിലന്‍സ് ഡയറക്ടറുടെ കത്ത്.

എന്നാല്‍ വിജിലന്‍സിന്റെ ഈ തീരുമാനത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് എഞ്ചിനീയര്‍മാരും ശക്തമായി എതിര്‍ക്കുകയാണ്.

ഗുരുതര കുറ്റത്തിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫീസറായ ശ്രീജിത്തിനെ 4 മാസം തികയും മുന്‍പ് സര്‍വ്വീസില്‍ തിരിച്ചെടുത്തത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് അവര്‍ ചോദിക്കുന്നത്. ആഭ്യന്തര വകുപ്പ് രണ്ട് നീതി നടപ്പാക്കാനൊരുങ്ങുന്നതില്‍ ജലസേചന-പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കടുത്ത പ്രതിഷേധത്തിലാണ്.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (സ്‌പെഷ്യല്‍) വകുപ്പ് 06-02-2013 ന് ജി.ഒ.(ആര്‍ടി) നമ്പര്‍. 1028/2013/ജിഎഡി പ്രകാരം സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ശ്രീജിത്തിനെ 26-06-2013 ന് ജി.ഒ.(ആര്‍.ടി)നമ്പര്‍. 5257/2013 ജിഎഡി പ്രകാരം ഇറക്കിയ ഉത്തരവിലൂടെ സര്‍ക്കാര്‍ തിരിച്ചെടുക്കുകയായിരുന്നു. ശ്രീജിത്തിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു ഈ നടപടി.

ഒരു പോലീസ് ഓഫീസര്‍ ഒരിക്കലും ചെയ്തുകൂടാത്ത കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തിയാണ് ശ്രീജിത്ത് ചെയ്തതെന്ന് ഹൈക്കോടതിയില്‍ ഡി.ജി.പി നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കെയായിരുന്നു ഈ നടപടി.

വിവാദ വ്യവസായിയുമായി ചേര്‍ന്ന് കോഴിക്കോട് സ്വദേശിയുടെ ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ ചെയ്തതും മലപ്പുറം ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും ചൂണ്ടിക്കാട്ടി ഡി.ജി.പി ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡി.ഐ.ജിയായിരുന്ന ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഈ കേസില്‍ നിന്ന് തലയൂരാനും ശ്രീജിത്ത് ശ്രമിച്ചിരുന്നു.

സസ്‌പെന്‍ഷന് ആധാരമായ കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി നടപടി ആവശ്യപ്പെട്ട് എ.ഡി.ജി.പി അനന്തകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടി സ്വീകരിക്കാതെ ആരോപണ വിധേയനായിരുന്ന മലപ്പുറം എസ്.പി.യെ കൊണ്ട് തെറ്റായ റിപ്പോര്‍ട്ട് വാങ്ങി ശ്രീജിത്തിനെ കുറ്റവിമുക്തനാക്കി ഐ.ജി പ്രൊമോഷന്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഡി.ജി.പി അറിയാതെ മലപ്പുറം എസ്.പി. ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ ഡി.ജി.പി എസ്.പിക്ക് മെമ്മോ നല്‍കിയിരുന്നെങ്കിലും ആഭ്യന്തരമന്ത്രിയുടെ അടുപ്പക്കാരനായതിനാല്‍ ഇദ്ദേഹത്തിനെതിരെ തുടര്‍ നടപടി ഉണ്ടായിരുന്നില്ല.

നിലവില്‍ ഒരു വിജിലന്‍സ് കേസിലും ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് ശ്രീജിത്ത്. ഈ രണ്ട് കേസുകളിലും അദ്ദേഹത്തെ സര്‍ക്കാര്‍ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവേചനത്തിനെതിരെ ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ രംഗത്ത് വരുന്നത്.

മലപ്പുറത്തെ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി.കെ. സതീഷ്, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ മഹാനുദേവന്‍ എന്നിവരെ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് വകുപ്പിലെയും മന്ത്രിമാരോ മുഖ്യമന്ത്രിയോ അറിയാതെയായിരുന്നു നടപടി.

ഇതു സംബന്ധമായ പരാതി സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് റിവ്യു കമ്മിറ്റിക്ക് വിടാനായിരുന്നു പൊതുഭരണ വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ തീരുമാനം.

ഈ തീരുമാനത്തെയാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്തിലൂടെ വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ ശക്തമായി ചോദ്യം ചെയ്തിരിക്കുന്നത്.

അടുത്ത ആഴ്ച ചേരുന്ന റിവ്യൂ കമ്മിറ്റിയില്‍ സസ്‌പെന്‍ഷന്‍ കാര്യം ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിലപാട്

1

2

3

4

5

6

Top