കോട്ടയം: സിസ്റ്റര്‍ അമല വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരത്തുന്ന ന്യായീകരണങ്ങളില്‍ ദുരൂഹത നിലനില്‍ക്കെ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മറ്റൊരു കന്യാസ്ത്രീയെ കൂടി കൊന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയെന്ന് പറയുന്നതിലും പൊരുത്തക്കേട്.
ഏപ്രില്‍ 17-ന് ചേറ്റുതോട് എസ്എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ അമല കൊലക്കേസ് പ്രതി സതീഷ് ബാബു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
സിസ്റ്റര്‍ അമല കൊലക്കേസില്‍ പൊലീസ് കള്ളക്കഥ മെനയുകയാണെന്ന് ആരോപിച്ച് പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലടക്കം പരസ്യമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍.
അമല കൊലക്കേസിലെ പൊലീസ് ‘തിരക്കഥ’ പൊളിഞ്ഞപ്പോള്‍ സ്ഥിരീകരണത്തിനായി മറ്റൊരു ‘തിരക്കഥ’ പൊലീസ് ഉണ്ടാക്കിയതാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ‘യഥാര്‍ത്ഥത്തില്‍’ എന്താണ് പൊലീസിനോട് പറഞ്ഞതെന്ന് അറിയാന്‍ മാധ്യമലോകവും കാത്തിരിക്കുകയാണ്.
സസിറ്റര്‍ ജോസ് മരിയ തലക്കടിയേറ്റ് വീണതാകാമെന്നാണ് തങ്ങള്‍ കരുതിയതെന്നും അതുകൊണ്ടാണ് അന്ന് അക്കാര്യം പൊലീസില്‍ അറിയിക്കാതിരുന്നതെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തലിനുശേഷം എസ്.എച്ച് മഠത്തിലെ മദര്‍ പറയുന്നത്.
ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെ സൂചനകളൊന്നും മഠത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
അസ്വാഭാവികമായി നടന്ന മരണം സംബന്ധിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാതെയിരുന്ന മഠം അധികൃതര്‍ക്കെതിരെയാണ് പൊലീസ് വാദം ശരിയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത്.
മഠത്തില്‍ പണി നടക്കുന്നതിനാല്‍ പ്രായമായ പല സിസ്റ്റര്‍മാരെയും മഠത്തിലെ തന്നെ മറ്റ് സ്ഥലത്തേക്ക് മാറ്റിയിരുന്നുവെന്നും ഇവര്‍ക്ക് ഒരുക്കിയത് വളരെ ചെറിയ മുറികളായതിനാല്‍ എന്തിലെങ്കിലും തട്ടി തലക്കടിച്ച് വീണാണ് അപകടമുണ്ടായതെന്നാണ് കരുതിയതെന്ന മഠം അധികൃതരുടെ വാദവും യുക്തിക്ക് നിരക്കാത്തതാണ്.
സിസ്റ്റര്‍ ജോസ് മരിയയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ പള്ളിയിലെ അച്ചനെ വിളിച്ചുവരുത്തിയെന്ന് പറഞ്ഞതിലും അച്ചന്‍ വന്നപ്പോള്‍ സിസ്റ്റര്‍ മരിക്കുന്ന ഘട്ടത്തിലെത്തിയിരുന്നതിനാല്‍ അന്ത്യകൂദാശ നല്‍കാനാണ് ശ്രമിച്ചത് എന്ന് പറയുന്നതിലും ഗുരുതരമായ പിഴവുണ്ട്.
പ്രാണന് വേണ്ടി പിടയുന്ന സിസ്റ്ററെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാത്തതെന്തെന്ന ചോദ്യത്തിന് പൊലീസ് വാദം ശരിയാണെങ്കില്‍ മഠം അധികൃതര്‍ മറുപടി പറയേണ്ടിവരും. കുറ്റകൃത്യം മറച്ച് പിടിച്ചതിന് ശിക്ഷാ നടപടിക്കും വിധേയമാവും.
ഒരു പക്ഷേ യഥാസമയം ചികിത്സ ലഭിക്കുകയായിരുന്നുവെങ്കില്‍ സിസ്റ്റര്‍ ജോസ് മരിയ മരിക്കില്ലായിരുന്നു.
ഇത് സംബന്ധിച്ച് യാതൊരു അസ്വാഭാവികതയും അന്നുണ്ടായിരുന്നില്ലെന്നും മോഷണ ശ്രമമോ വാതില്‍ തകര്‍ക്കുകയോ പുറത്ത് നിന്നാരും അകത്ത് കടന്ന ലക്ഷണമോ ഉണ്ടായിരുന്നില്ലെന്നുമാണ് എസ്എച്ച് മഠത്തിലെ മദര്‍ പറയുന്നത്.
അതായത് സ്വയം സിബിഐ ചമഞ്ഞ് മരണത്തെക്കുറിച്ച് മഠം അധികൃതരാണ് ‘വിലയിരുത്തി’യതെന്ന് ചുരുക്കം. ഈസംഭവത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഈ മഠത്തില്‍ നിന്ന് 70,000 രൂപ മോഷണം പോയതായാണ് മറ്റൊരു വെളിപ്പെടുത്തല്‍.
പള്ളിയിലെ കുട്ടികള്‍ക്ക് വേണ്ടി സ്വരൂപിച്ച് ഈ പണം ഒരു സിസ്റ്ററിന്റെ മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതത്രെ. ആ മുറിയില്‍ താമസിക്കാതിരുന്ന സിസ്റ്റര്‍ പിന്നീട് മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നാണ് വിശദീകരണം.
ഇതേ തുടര്‍ന്ന് തിടനാട് പൊലീസില്‍ ഇതുസംബന്ധമായി പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ലെന്നാണ് മദര്‍ പറയുന്നത്.
70,000 രൂപ പോയപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ തിടുക്കം കാട്ടിയ മഠം അധികൃതര്‍ തലപൊട്ടി ചോരയോലിച്ചുകിടന്ന് പിടഞ്ഞ് മരിച്ച സിസ്റ്റര്‍ ജോസ് മരിയയുടെ മരണം സംബന്ധിച്ച് പരാതി നല്‍കാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.
സിസ്റ്റര്‍ അമല കൊലപ്പെട്ടപ്പോള്‍ അവരുടെ ഡ്രസ്സ് മാറ്റാനും രക്തക്കറ തുടച്ച് മാറ്റാനും കാട്ടിയ വ്യഗ്രതയുടെ തനിയാവര്‍ത്തനമാണ് സിസ്റ്റര്‍ ജോസ് മരിയയുടെ മരണവുമായി ബന്ധപ്പെട്ടും നടന്നത് എന്നുവേണം അനുമാനിക്കാന്‍.
രണ്ട് സംഭവങ്ങളിലും പൊലീസ് പറയുന്ന കഥയോടൊപ്പം ദുരൂഹതയും ഏറുകയാണ്. കൊലയാളിയുടെ യഥാര്‍ത്ഥ ഉദ്യേശമെന്തായിരുന്നുവെന്നും ഇക്കാര്യം മറച്ച് പിടിക്കാന്‍ അധികൃതര്‍ കാണിക്കുന്ന വ്യഗ്രത എന്തിനാണെന്നുമാണ് ഇനി അറിയാനുള്ളത്.
കുറ്റകൃത്യം മറച്ച് പിടിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും കാരണക്കാരായവരെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നില്ല എന്ന കാര്യം ജോമോന്‍ പുത്തന്‍ പുരക്കലടക്കമുള്ള പൊതു പ്രവര്‍ത്തകര്‍ ചോദിക്കുന്നതും പൊലീസിന്റെ ഈ ഇരട്ടത്താപ്പുകൊണ്ടാണ്.
പൊലീസ് പറയുന്ന ‘ തിരക്കഥ’ ശരിയാണെങ്കിലും അല്ലെങ്കിലും ‘ചില വില്ലന്മാര്‍’ ഇപ്പോഴും പുറത്ത് തന്നെയാണെന്നതാണ് സത്യം.