ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് എഫ്‌സി ഗോവ, അത്‌ലറ്റികോ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. മികച്ച ഫോമിലുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ ആദ്യ ജയം തേടിയാണ് എഫ്.സി ഗോവ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. രണ്ട് കളികളില്‍ നിന്ന് ഒരോ തോല്‍വിയും സമനിലയുമായി ആറാം സ്ഥാനത്താണ് ഗോവ.
സീക്കോയെ പോലെ ഏറെ അന്താരാഷ്ട്ര മികവുള്ള പരിശീലകന്‍ ഉണ്ടായിട്ടുപോലും ലീഗില്‍ ജയം നേടാന്‍ ഗോവക്കാര്‍ക്ക് ഇനിയുമായിട്ടില്ല. നോര്‍ത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ എവേ മത്സരത്തില്‍ പൊരുതിയെങ്കിലും സമനിലയായിരുന്നു ഗോവന്‍ ടീമിന് നേടാനായത്. റോബര്‍ട്ട് പിറെസും പീറ്റര്‍ കാര്‍വാലോയുമടങ്ങുന്ന മധ്യനിര മികച്ചതാണെങ്കിലും ഫിനിഷിംങിലെ പോരായ്മയാണ് ഗോവക്ക് തിരിച്ചടിയാകുന്നത്.
അതേസമയം മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്താണ് അത്‌ലറ്റികോ കൊല്‍ക്കത്ത. ഗോള്‍ പോസ്റ്റിനു കീഴിലുള്ള സുഭാഷിഷ് റോയ് ചൗധരി മുതല്‍ മുന്നേറ്റത്തില്‍ ഫിക്രുവരെ എല്ലാവരും മികച്ച ഫോമിലാണ്. അര്‍ണബ് മൊണ്ഡാലും ജോസ്മിഗ്വേലുമടങ്ങുന്ന കൊല്‍ക്കത്തയുടെ പ്രതിരോധമാണ് ലീഗിലെ ഏറ്റവും കരുത്തുറ്റ നിര. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് കൊല്‍ക്കത്തക്കാര്‍ വഴങ്ങിയത്. ഒപ്പം ഡെനാമോസിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന മധ്യനിരക്കാരന്‍ ബോര്‍ജെ ഫെര്‍ണാണ്ടസ് തിരിച്ചുവരുന്നതും അന്റോണിയോ ഹബാസിന്റെ ടീമിന് ഉണര്‍വാകും.