എല്‍ പി ജി: പുതുക്കിയ പദ്ധതി ഇന്ന് മുതല്‍

കൊച്ചി: പാചകവാതക സബ്‌സിഡി നേരിട്ട് ഉപയോക്താക്കള്‍ക്ക് എത്തിക്കുന്ന നവീകരിച്ച ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഓഫ് എല്‍ പി ജി (ഡി ബി ടി എല്‍) പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. കേരളത്തിലെ മുഴുവന്‍ ജില്ലകളും ഉള്‍പ്പെടെ രാജ്യത്തെ 54 ജില്ലകളിലാണ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. ഡി ബി ടിഎല്‍ന്റെ രണ്ടാം ഘട്ടം 2015 ജനുവരി ഒന്നിന് മറ്റു സ്ഥലങ്ങളില്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരള ജനറല്‍ മാനേജര്‍ മുരളി ശ്രീനിവാസന്‍ അറിയിച്ചു. നിലവില്‍ ഡി ബി ടി എല്‍ പദ്ധതിയില്‍ അംഗമായവരും ബേങ്ക് അക്കൗണ്ടുകളില്‍ സബ്‌സിഡി പണമായി ലഭിക്കുന്നവരും പുതിയ പദ്ധതിയില്‍ ചേരാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ംംം.ങ്യഘജഏ.ശി എന്ന വെബ്‌സൈറ്റില്‍ കാഷ് ട്രാന്‍സ്ഫര്‍ കംപ്ലയിന്റ്(സി ടി സി സ്റ്റാറ്റസ്) നോക്കി ഇത് ഉറപ്പ് വരുത്താവുന്നതാണ്. 2013 ജൂണ്‍ ഒന്നിന് രാജ്യത്തെ 291 ജില്ലകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതോടെ ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇതനുസരിച്ചാണ് നവീകരിച്ച പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകുന്നത്. നവീകരിച്ച പദ്ധതി അനുസരിച്ച് ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കും സബ്‌സിഡി ബേങ്ക് അക്കൗണ്ടില്‍ പണമായി ലഭിക്കും. ആധാര്‍ നമ്പര്‍ ലഭിച്ച ശേഷം അത് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ചാല്‍ മതിയാകും. സി ടി സി സ്റ്റാറ്റസില്‍ ഉള്‍പ്പെടാത്ത ഉപയോക്താക്കള്‍ക്ക് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഗ്യാസ് സിലിന്‍ഡര്‍ ലഭിക്കും. ഗ്രേസ് പിരീഡിന് ശേഷം മൂന്ന് മാസം പാര്‍ക്കിംഗ് പീരിഡ് ആയി ലഭിക്കും. ഈ കാലയളവില്‍ വിപണി നിരക്കിലായിരിക്കും സിലിന്‍ഡര്‍ ലഭിക്കുക. ഇക്കാലയളവില്‍ ഡി ബി ടി എല്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പാര്‍ക്കിംഗ് പീരിഡിലെ സബ്‌സിഡി ബേങ്ക് അക്കൗണ്ടില്‍ ലഭിക്കും. പാര്‍ക്കിംഗ് പരീഡില്‍ പദ്ധതിയില്‍ ചേരാത്തവരുടെ സബ്‌സിഡി തിരികെ ലഭിക്കില്ല.

Top