എസ്എഫ്‌ഐയെയും ഇനി കണ്ണൂര്‍ നേതൃത്വം നയിക്കും; ചിന്താ ജെറോമും പടിക്ക്‌ പുറത്ത്

തൃശ്ശൂര്‍: എസ്എഫ്‌ഐയില്‍ കൂട്ട വെട്ടിനിരത്തില്‍. പ്രായപരിമിധിയുടെ പുറത്ത് സെക്രട്ടറിയേറ്റിലെ മുഴുവന്‍ നേതാക്കളും പുറത്തായതോടെ ‘ബാലസംഘം’ നേതൃത്വമാണ് വീണ്ടും വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്താനത്തിന്റെ നായകരായത്.

സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെയും കേന്ദ്ര കമ്മിറ്റിയിലെയും കണ്ണൂര്‍ ആധിപത്യം എസ്എഫ്‌ഐയിലും ആവര്‍ത്തിച്ചു. പുതിയ സെക്രട്ടറി കണ്ണൂര്‍ കാരനായ എം വിജിന്‍ ആണ്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ കെ.കെ ഷൈലജ, പി.കെ ശ്രീമതി, കര്‍ഷക സംഘം നേതാവ് എം.വി ഗോവിന്ദന്‍, തുടങ്ങി വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതാക്കളും കണ്ണൂരില്‍ നിന്നുള്ളവരാണ്.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നേരിട്ട് സംസ്ഥാന സെക്രട്ടറിയാകാനുള്ള ഭാഗ്യമാണ് നിലവില്‍ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ വിജിന് ലഭിച്ചത്. അതുപോലെ തന്നെ മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി സാനുവാണ് സംസ്ഥാന പ്രസിഡന്റ്.

25 വയസ് പ്രായപരിധി നിശ്ചയിച്ചതോടെയാണ് നിലവിലെ സംസ്ഥാന ഭാരവാഹികള്‍ ഒന്നടങ്കം പുറത്താകാന്‍ കാരണമായത്. എസ്എഫ്‌ഐയുടെ ‘ശവക്കല്ലറയ്ക്ക്’ മുകളിലെ അവസാനത്തെ ആണിയായാണ് സിപിഎം നേതൃത്വത്തിന്റെ ഈ തലതിരിഞ്ഞ തീരുമാനത്തെ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ വിലയിരുത്തുന്നത്.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെ ഒറ്റുകാരനാക്കി കവിത ചൊല്ലി ശ്രദ്ധേയയായ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്താ ജെറോമും പ്രായ പരിധിയില്‍പെട്ട് തെറിച്ചു.

മറ്റ് സംസ്ഥാന ഭാരവാഹികള്‍: മുഹമ്മദ് അഫ്‌സല്‍ (കണ്ണൂര്‍), ജയ്ക്‌സ് തോമസ് (കോട്ടയം), അഥീന സതീഷ് (തിരുവനന്തപുരം), പ്രജിന്‍ സാജ് കൃഷ്ണ (തിരുവനന്തപുരം), എസ് ആര്‍ ആര്യ (കൊല്ലം) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

ജോയിന്റ് സെക്രട്ടറിമാരായി ആര്‍ രാഹുല്‍ (ആലപ്പുഴ), വിജിദത്ത് സുഹൈല (കാസര്‍കോട്) , ടി എസ് ശരത് (കോട്ടയം) , കെ അശ്വന്ത് (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു. 89 അംഗ കമ്മിറ്റിയില്‍ ബഹു ഭൂരിപക്ഷവും പുതുമുഖങ്ങളാണ്.

Top