ഇഞ്ചിയോണ്‍: ഏഷ്യയുടെ പാരമ്പര്യവും ഇഞ്ചിയോണിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പും വെളിപ്പെടുത്തി പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ കൊടിയിറക്കം.നാമൊന്ന് എന്ന ആപ്തവാക്യമുയര്‍ത്തി 16 ദിവസം മുന്‍പ് ആരംഭിച്ച ഏഷ്യയുടെ മഹാമേളയ്ക്കാണ് തുറമുഖ നഗരമായ ഇഞ്ചിയോണില്‍ കൊടിയിറങ്ങിയത്.
ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെ ആരംഭിച്ച ചടങ്ങുകള്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഉദ്ഘാടന ചടങ്ങുകളെ വെല്ലുന്ന കലാപരിപാടികളുമായി ആതിഥേയര്‍ ഒരിക്കല്‍ കൂടി കാണികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി.
പ്രാര്‍ഥനാഗാനത്തോടെ തുടക്കമായ ചടങ്ങുകള്‍ക്ക് ചടുല വേഗം വന്നത് കൊറിയന്‍ ആയോധന കലാകാരന്മാരുടെ പ്രകടനത്തോടെയായിരുന്നു. കുക്കിവോണ്‍ ടീമംഗങ്ങള്‍ അവതരിപ്പിച്ച തൈക്കോണ്ടോ പ്രകടനം സദസിനെ ആവേശത്തിലാഴ്ത്തി.
കലാപരിപാടികള്‍ക്ക് ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ താരങ്ങളും ഒഫീഷ്യല്‍സും ദേശീയ പതാകകളുമായി ഗ്രൗണ്ടിലിറങ്ങി. അടുത്ത ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഇന്‍ഡൊനീഷ്യയുടെ പതാകയും ചടങ്ങില്‍ ഉയര്‍ത്തി. പ്രശസ്തമായ ഫണ്ടാസ്റ്റിക് ബേബി ഗാനത്തിനു ശേഷം, ജക്കാര്‍ത്തയില്‍ കാണാമെന്ന ഉപചാരവാക്കോടെ താരങ്ങള്‍ ഇഞ്ചിയോണിനോട് വിടപറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ ചൈനയാണ് ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത്. 151 സ്വര്‍ണമുള്‍പ്പെടെ 342 മെഡലുകളാണ് ചൈന ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വാരിയത്. 79 സ്വര്‍ണമടക്കം 234 മെഡലുകള്‍ നേടിയ ആതിഥേയരായ ദക്ഷിണകൊറിയയാണ് രണ്ടാം സ്ഥാനത്ത്. 200 മെഡലുകള്‍ നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 47 സ്വര്‍ണമെഡലുകളുള്‍പ്പെടെയാണ് ജപ്പാന്റെ നേട്ടം. ജംബോ സംഘവുമായി ഗെയിംസിന് എത്തിയ ഇന്ത്യക്ക് 11 സ്വര്‍ണമടക്കം 57 മെഡലുകള്‍ നേടി എട്ടാം സ്ഥാനമാണ് ലഭിച്ചത്.