ഐസ്ആർഒ ചാരക്കേസ് സർക്കാരിന് തിരിച്ചടിയാകുന്നു

കൊച്ചി: ഐസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. സിബിഐ ആവശ്യം മുൻനിർത്തിയാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം.

ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നു കുറ്റപ്പെടുത്തിയ കോടതി മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശക്തമായ ഭാഷയിൽ നിർദ്ദേശം നൽകി. കേസന്വേഷിച്ച കെകെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിർദേശം. അന്വേഷണത്തിൽ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സി.ബി.ഐ പറയുന്നില്ലന്നെും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ പലരും വിരമിച്ചു. ചില ഉദ്യോഗസ്ഥർ മറ്റു തസ്തികകളിൽ പ്രവർത്തിക്കുകയാണ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നതിൽ നിന്നും സർക്കാർ പിന്നാക്കം പോയത്.

നമ്പി നാരായണൻ ഉൾപടെയുള്ളവർ കേസിൽ പ്രതികളല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. കേസിൽ പീഡനത്തിനിരയായ നമ്പി നാരായണന് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തുകയിൽ പകുതി കോർട്ട് ഫീയായി നൽകണമെന്ന കീഴ്‌കോടതി ഉത്തരവും മുമ്പ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നൽകിയത്.

Top