തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് വിഭാഗത്തെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് അന്തിമ ‘പോരാട്ടത്തിന് ‘ തയ്യാറെടുക്കുന്നു.
ബാര്‍ കോഴകേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ കുരുങ്ങിയ മന്ത്രിമാരായ കെ.ബാബുവിനെയും ശിവകുമാറിനെയും ‘ഗ്രൂപ്പ് തിരിച്ച് ‘ നിലപാട് സ്വീകരിച്ചാണ് വിജിലന്‍സ് കുരുക്കാനൊരുങ്ങുന്നത്.
നേരത്തെ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വിജിലന്‍സിന് ഇപ്പോള്‍ രഹസ്യമൊഴിയില്‍ ലഭിച്ചിരിക്കുന്ന നിയമോപദേശം എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ മാത്രം അന്വേഷണം നടത്തിയാല്‍ മതിയെന്നാണ്.
ഇതേ ആരോപണത്തില്‍ നേരത്തെ മന്ത്രി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കെ ബാബുവിനെതിരെയും വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ പിന്നെ ഒരു നിമിഷം മന്ത്രിക്കസേരയില്‍ തുടരില്ലെന്ന് ബാബു മുഖ്യമന്ത്രി അടക്കമുള്ളവരെ ധരിപ്പിച്ചിട്ടുണ്ട്. ബാബു രാജി മാര്‍ഗം സ്വീകരിച്ചാല്‍ പ്രതിരോധത്തിലാവുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരുമാകും.
ധാര്‍മികത മുന്‍നിര്‍ത്തി മാണിയുടെ രാജിക്കായി യുഡിഎഫില്‍ കലാപക്കൊടി ഉയരുന്നത് മുഖ്യമന്ത്രിക്ക് മറ്റൊരു അഗ്‌നിപരീക്ഷണവുമാകും.
ബാബുവിനെതിരെ കേസെടുക്കണമെന്ന നിയമോപദേശത്തിന് പിന്നില്‍ ആഭ്യന്തര വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയുടെയും നിയമവകുപ്പ് കയ്യാളുന്ന കെ.എം മാണിയുടെയും കൈകളുണ്ടെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ്.
തന്റെ കൂടെ ഒരു കോണ്‍ഗ്രസ് മന്ത്രിയെങ്കിലും കിടക്കണമെന്ന ആഗ്രഹമാണ് മാണിക്കുള്ളതെങ്കില്‍ ഐ ഗ്രൂപ്പിന്റെ ‘ചാണക്യനായ’ ബാബുവിനെ കുരുക്കി മന്ത്രിസഭയില്‍ അഴിച്ചുപണിയും നേതൃമാറ്റവും സൃഷ്ടിക്കുക എന്നതാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ബാബുവിനെതിരെയുള്ള മൊഴിയില്‍ കുരുങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രിയും ഐ ഗ്രൂപ്പ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന നിയമോപദേശം വ്യക്തമായ ‘ഗൂഢലക്ഷ്യ’ത്തിന് തെളിവാണെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ തുറന്നടിക്കുന്നത്.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ വീണ്ടും ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാന ഭ്രഷ്ടനാക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്.
രമേശ് ചെന്നിത്തലക്കെതിരെ അടക്കം ബിജു രമേശ് നേരത്തെ ആരോപണമുന്നയിച്ചതിനാല്‍ വിജിലന്‍സ് വകുപ്പ് ചെന്നിത്തലയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്ത് മറ്റാര്‍ക്കെങ്കിലും നല്‍കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തില്‍ ഉന്നയിക്കാനാണ് എ ഗ്രൂപ്പ് നീക്കം.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ചെന്നിത്തലക്കെതിരെയും ശിവകുമാറിനെതിരെയും എ ഗ്രൂപ്പ് നിലപാട് കടുപ്പിക്കും. ബാര്‍ കോഴ വിവാദം കോണ്‍ഗ്രസില്‍ രൂക്ഷമായ ഗ്രൂപ്പ് പോരിന് കളമൊരുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്.