‘സരിതയാക്കിയ’ വീട്ടമ്മ 10 ലക്ഷം നഷ്ടപരിഹാരം തേടി നിയമയുദ്ധത്തിന്

മലപ്പുറം: നിലമ്പൂര്‍ പാട്ടുത്സവ വേദിയില്‍ വീട്ടമ്മയെ സരിതാ നായരാക്കി അപമാനിച്ച സംഭവത്തില്‍ പ്രമുഖ പിന്നണിഗായിക റിമി ടോമി നിയമക്കുരുക്കില്‍. പൊതുജനമധ്യത്തില്‍ സരിതാനായരുമായി താരതമ്യപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് റിമി ടോമിക്കെതിരെ തുവ്വൂര്‍ സ്വദേശിനിയായ പൂളക്കല്‍ വിലാസിനി എന്ന വീട്ടമ്മയാണ് വക്കീല്‍ നോട്ടീസയച്ചത്. നോട്ടീസ് കൈപ്പറ്റി പതിനഞ്ചുദിവസത്തിനുള്ളില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി ഖേദപ്രകടനം നടത്തണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. എ.പി. ഇസ്മയില്‍ മുഖാന്തരമയച്ച വക്കീല്‍നോട്ടീസില്‍ പറയുന്നു.

നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായി ജനുവരി 12ന് നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പരിപാടി കാണാനെത്തിയ വിലാസിനി എന്ന 55 വയസുകാരിയെയാണ് വേദിയിലേയ്ക്കു ക്ഷണിച്ച് നിലമ്പൂരിന്റെ സരിതാനായരെന്ന് റിമി ടോമി അഭിസംബോധന ചെയ്തത്. ഇവര്‍ക്ക് അപരിചിതനായ മറ്റൊരാളെയും സ്റ്റേജിലേയ്ക്കു വിളിപ്പിച്ച് ഒപ്പം നൃത്തംചെയ്യാന്‍ നിര്‍ബന്ധിച്ചതായും ഇത് മാനസിക പീഡനമുണ്ടാക്കിയതായും നോട്ടീസില്‍ പറയുന്നു. ഗാനമേള കഴിഞ്ഞശേഷവും ആളുകള്‍ ഇതുപറഞ്ഞ് തന്നെ അപമാനിക്കുന്നതായാണ് വിലാസിനിയുടെ പരാതി. ഇതോടെയാണ് റിമിക്കെതിരെ നിയമയുദ്ധത്തിന് ഇറങ്ങിയത്.

നിലമ്പൂരില്‍ വീട്ടമ്മയെ റിമി ടോമി സരിതാ നായരെന്നു വിളിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുകയും ചെയ്തത് ‘express kerala’ യാണ് പുറത്തുകൊണ്ടുവന്നത്. ഫേസ്ബുക്കില്‍ വൈറലായ പ്രതിഷേധം ജനുവരി 15ന് ‘express kerala’ വാര്‍ത്തയാക്കിയതോടെ വിവാദമായി പടരുകയായിരുന്നു. വീട്ടമ്മയെ അപമാനിച്ചില്ലെന്നും അഹങ്കാരിയല്ലെന്നും പറഞ്ഞ് മനോരമ ഓണ്‍ലൈന്‍ റിമി ടോമിയുടെ അഭിമുഖം നല്‍കി രംഗത്തെത്തിയിരുന്നു. റിമിയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തിനും അപമാനത്തിനുമെതിരെ എട്ടു വയസുകാരിയായ കാഴ്ചയില്ലാത്ത കൊച്ചു ഗായിക ഫാത്തിമ അന്‍ഷിയും കുടുംബവും രംഗത്തുവന്നതോടെ റിമിയുടെ വാദങ്ങള്‍ പൊളിയുകയായിരുന്നു. ഇതിനിടെ വിവാദത്തില്‍ റിമി ടോമിയെ പിന്തുണച്ച് സോളാര്‍ വിവാദ നായിക സരിതാ നായര്‍ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് അപമാനിതയായ വീട്ടമ്മ റിമി ടോമിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് രംഗത്തെത്തിയത്.

Top