ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഭീകരാക്രമണത്തിനു സാധ്യത

ന്യൂഡല്‍ഹി: പെഷവാറില്‍ സൈനിക സ്‌കൂളിനു നേരേ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. റിപ്പബ്ലിക് ദിനത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വിശിഷ്ടാതിഥിയായി എത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍. ന്യൂഡല്‍ഹിആഗ്ര ദേശീയപാത, തലസ്ഥാനത്തെ രണ്ടു ഹോട്ടലുകള്‍ എന്നിവയ്ക്ക് നേരേ ആക്രമണം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. 2008 മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാഅത്ത് ഉദ്ദവാ നേതാവുമായ ഹാഫിസ് സയീദാണ് ആക്രമണത്തിനു പദ്ധതിയൊരുക്കുന്നത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ(സിമി)യിലെ ചിലര്‍ പാക് ഭീകരര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിന്റെ മാതൃകയിലാകും ആക്രമണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി.
ഇതിനിടെ രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരാക്രമണം ഉണ്ടായാല്‍ രക്ഷപെടാനുള്ള പരിശീലനം കുട്ടികള്‍ക്കു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രാദേശിക ഭരണകൂടവും പൊലീസും സംയുക്തമായി മോക് ഡ്രില്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ സ്‌കൂളുകള്‍ക്കും ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കുമെന്നു മന്ത്രാലയം അറിയിച്ചു.

Top