ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍സെല്‍വം ഇന്നു സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയോഗം പനീര്‍ശെല്‍വത്തെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കക്ഷി നേതാവായി തെരഞ്ഞൈടുക്കപ്പെട്ട വിവരം ഔദ്യോഗികമായി അറിയിക്കുന്നതിനായി പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടു. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. രണ്ടാം തവണയാണ് ഒ.പനീര്‍ സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.

2001ല്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ജയലളിത പുറത്തായപ്പോഴായിരുന്നു ആദ്യം മുഖ്യമന്ത്രിയായത്. അന്ന് ആറുമാസം ഭരിച്ച പനീര്‍ശെല്‍വം ജയലളിത മടങ്ങിവന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. തേനി ജില്ലയിലെ ബോഡിനായ്ക്കനൂരില്‍ നിന്നാണ് പനീര്‍ശെല്‍വം നിയമസഭയിലെത്തിയത്. തമിഴ്‌നാട്ടിലെ പ്രബല സമുദായമായ മുതുക്കുളത്തൂരാണ് പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയത്തിന് പുറത്തുളള ശക്തി. സാധാരണ കര്‍ഷകനും ചായക്കട ഉടമയുമായിരുന്ന അദ്ദേഹം പെരിയകുളം മുന്‍സിപ്പല്‍ ചെയര്‍മാനായാണ് അധികാര രാഷ്ട്രീയത്തിലേക്ക് വന്നത്.

1996ല്‍ പെരിയകുളം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 2001ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്ന് കന്നി എം.എല്‍.എയായ പനീര്‍ശെല്‍വത്തെ ജയലളിത, പൊതുമരാമത്ത് മന്ത്രിയാക്കി. 2006ല്‍ രണ്ട് മാസകാലം നിയമസഭാ പ്രതിപക്ഷ നേതാവുമായിരുന്നു.

Top