ബെംഗളൂരു: ഗോവിവാദം ഓണ്‍ലൈനിലേയ്ക്കും വ്യാപിക്കുന്നു. പശുത്തോല്‍ ഉപയോഗിച്ചു നിര്‍മിച്ച ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതിന് പ്രമുഖ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരികളായ മിന്ത്ര ഡോട്ട് കോമിനെതിരെ ആര്‍.എസ്.എസ് രംഗത്ത് എത്തി.
മിന്ത്രയുടെ പേജില്‍ ഉത്പന്നത്തെ കുറിച്ച് നല്‍കിയിരിക്കുന്ന വിവരണത്തിന്റെ ചിത്രമുള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം ‘ആര്‍.എസ്.എസ് ഓര്‍ഗ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഉല്‍പ്പന്നത്തിനെതിരായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
പശുത്തോല്‍ ഷൂസ് വില്‍പ്പനയിലൂടെ മതവികാരത്തെയാണ് കമ്പനി വ്രണപ്പെടുത്തിയിരിക്കുന്നത് എന്നും സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. നിങ്ങളുടെ വികാരങ്ങളെ ഞങ്ങള്‍ മാനിക്കുന്നുവെന്നും എന്നാല്‍ തുകല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന നിയമവിരുദ്ധമല്ല എന്നുമാണ് സംഭവത്തോട് മിന്ത്ര പ്രതികരിച്ചത്.
ആര്‍.എസ്.എസ് ഔദ്യോഗികമായി നിയന്ത്രിക്കുന്ന പ്രൊഫൈലല്ല ഇതെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പ്രമുഖ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെല്ലാം ഫോളോവേഴ്‌സാണ്. സ്വയം സേവകരിലൊരാളാണ് ആര്‍.എസ്.എസ് ഓര്‍ഗ് കൈകാര്യം ചെയ്യുന്നതെന്നും മിന്ത്രയെ കുറിച്ചുള്ള ഈ ട്വീറ്റ് പൊതുജനാഭിപ്രായമാണെന്നും കര്‍ണാടകയിലെ ആര്‍.എസ്.എസ് മാധ്യമവിഭാഗത്തിന്റെ മേല്‍നോട്ടക്കാരനായ രാജേഷ് പദ്മര്‍ അറിയിച്ചു.