സിഡ്നി: ഓസ്ട്രേലിയയില്‍ സന്ദര്‍ശനത്തിനെത്തിയ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഓസ്ട്രേലിയയില്‍ ഒരു സ്പെഷ്യല്‍ ട്രെയിന്‍ ഓടി. പേര് ‘മോഡി എക്സ്പ്രസ്’!. മെല്‍ബണില്‍ നിന്ന് മോഡി പ്രസംഗിക്കുന്ന സിഡ്നിയിലെ ഒളിമ്പിക്ക് പാര്‍ക്കിലേക്കാണ് മോഡിയെ ആരാധിക്കുന്ന 200 പേരെയും വഹിച്ചുള്ള ട്രെയിന്‍ ഓടിയത്. 11 മണിക്കൂര്‍ യാത്ര ചെയ്താണ് ഇവര്‍ സിഡ്നിയിലെത്തിയത്.
തങ്ങളുടെ പ്രിയ നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടിയുള്ള നീണ്ട യാത്ര ഡാന്‍സും പാട്ടുമായി ആഘോഷിക്കുകകയായിരുന്നു അവര്‍. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയാണ് ഈ യാത്ര സംഘടിപ്പിച്ചത്. ട്രെയിനില്‍ ഡിന്നറിനായി ഗുജറാത്തിലെ പ്രത്യേക വിഭവമായ തളിയും വിളമ്പി. ഡാന്‍സും പാട്ടും കൂത്തുമായി മോഡി ആരാധകര്‍ മോഡി എക്സ്പ്രസില്‍ നിറഞ്ഞാടി. മെല്‍ബണിലെ തെരുവുകളിലും മോഡിയുടെ ആരാധകര്‍ ആവേശത്തോടെ തുള്ളിച്ചാടി.
അതേസമയം, കുറഞ്ഞ സീറ്റു മാത്രമേ ഉണ്ടായിരുന്നുവെന്നതിനാല്‍ നിരവധി ആരാധകര്‍ക്ക് മോഡി എക്സ്പ്രസില്‍ കയറിപ്പറ്റാനായില്ല. ട്രെയില്‍ കിട്ടാത്തവര്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാനായി സിഡ്നിയിലേക്ക് ഫ്ളൈറ്റിലും പോയി. ഇത്തരത്തില്‍ നിരവധി പേരാണ് സിഡ്നിയിലേക്ക് പോയത്.
30,000 ത്തോളം മോഡി ആരാധകര്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒളിമ്പിക്ക് പാര്‍ക്കിലെ അല്‍ഫോന്‍സ് അരീനയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. പ്രസംഗം നേരിട്ട് കാണാന്‍ ടിക്കറ്റ് കിട്ടാത്ത 5000 പേര് പാര്ക്കിന് പുറത്തു വച്ചിട്ടുള്ള കൂറ്റന്‍ സ്ക്രീനില്‍ പ്രസംഗം കാണുന്നുണ്ട്.
ഇതുവരെ ഒരു വിദേശ നേതാവിന് ഓസ്ട്രേലിയയില്‍ ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള സ്വീകരണമാണ് നരേന്ദ്ര മോഡിക്ക് ലഭിച്ചിട്ടുള്ളത്.