മുംബൈ: ഏപ്രില്‍ മാസത്തില്‍ ഓഹരിവിപണികളിലെ മാന്ദ്യം മൂലം നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.78 ലക്ഷം കോടി രൂപ. കഴിഞ്ഞമാസം സെന്‍സെക്സ് സൂചികയ്ക്ക് നഷ്ടമായത് 946 പോയന്റ്. ലാഭമെടുപ്പ് വ്യാപാരം കൂടിയതാണ് വമ്പന്‍ നഷ്ടത്തിനു വഴിവെച്ചത്.
ഓഹരിവിപണികളിലെ നേട്ടത്തിന് വിദേശ നിക്ഷേപകര്‍ മാറ്റ് നികുതി നല്‍കണമെന്ന വ്യവസ്ഥയാണ് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദത്തിനു തുടക്കമിട്ടത്. ഇതിനു പുറമേ നാലാം പാദഫലങ്ങള്‍ മോശമായതും, മഴകുറയുമെന്ന പ്രവചനങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. പലരും കയ്യിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ നഷ്ടം കനക്കുകയായിരുന്നു.
സെന്‍സെക്സ് സൂചിക 27,000 നിലവാരത്തിലും നിഫ്റ്റി 8200ലുമാണ് ഈയാഴ്ച ക്ലോസ് ചെയ്തത്. ഏപ്രില്‍ 30ന് അവസാനിച്ച ആഴ്ചമാത്രം സെന്‍സെക്സ് സൂചികകയ്ക്ക് നഷ്ടമായത് 426 പോയന്റാണ്. നിഫ്റ്റി 123 പോയന്റും താഴ്ന്നു. വിപ്രോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍ കോര്‍പ്, എച്ച്ഡിഎഫ്സി തുടങ്ങിയ ബ്ലൂചിപ് ഓഹരികളുടെ തകര്‍ച്ചയാണ് തുടര്‍ച്ചയായി രണ്ടാമത്തെ മാസവും സൂചികകളെ നഷ്ടത്തിലാഴ്ത്തിയത്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ നിക്ഷേപര്‍ക്ക് ഏപ്രില്‍ മാസത്തില്‍ 1.78 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഏപ്രില്‍ 30ന് ക്ലോസ് ചെയ്ത കണക്കുപ്രകാരം ഈ കമ്പനികളുടെ മൊത്തം വിപണിമൂല്യം 99,70,671 കോടി രൂപയാണ്. മാര്‍ച്ച് 31ന് 101,49,289.97 കോടിയായിരുന്നു ഇവയുടെ വിപണിമൂല്യം.
രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് നേടിയ നേട്ടത്തിന് നല്‍കേണ്ട നികുതി (മാറ്റ്) സംബന്ധിച്ചുണ്ടായ അനിശ്ചിതത്വം വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്പനക്കാരാക്കിയതാണ് വിപണിയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്. 11 വ്യാപാരദിനങ്ങളിലായി 120 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. ഡെയ്ചി സാങ്ഗിയോ വിറ്റൊഴിഞ്ഞ സണ്‍ ഫാര്‍മയുടെ ഓഹരികള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.
എന്നാല്‍ വിപണികളിലെ കറക്ഷന് ചെറിയ കാലയളവിലേക്കു മാത്രമാണെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റില്‍ ചരക്കുസേവന നികുതിയുള്‍പ്പെടെയുള്ള ബില്‍ പാസാക്കുകയാണെങ്കില്‍ വിപണി വീണ്ടും കുതിപ്പിലേക്കെത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിദേശ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതരത്തിലുള്ള പ്രസ്താവന കേന്ദ്ര ധനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതും അനുകൂലഘടകമാകുമെന്നാണ് പ്രതീക്ഷ.