മുംബൈ: ഓഹരി വിപണി അഞ്ചാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. സെന്‍സെക്സ് സൂചിക 29000ഉം നിഫ്റ്റി 8800ഉം കടന്നു. മൂലധന സാമഗ്രി, ഉപഭോക്തൃ ഉത്പന്നങ്ങള്‍, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിന് സഹായിച്ചത്.
165.06 പോയന്റ് നേട്ടത്തോടെ സെന്‍സെക്സ് 29044.44ലും 53.65 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8834ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1702 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1136 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഓട്ടോ, റിയല്‍റ്റി ഓഹരികള്‍ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിന്റെ പാതയിലായിരുന്നു. മൂലധന സാമഗ്രികള്‍ക്ക് പിന്നാലെ ഉപഭോക്ത്യ ഉല്‍പ്പനങ്ങള്‍, ഹെല്‍ത്ത് കെയര്‍ എന്നി മേഖലകളാണ് കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയത്. ജയ്താപൂരിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ആണവ കമ്പനിയായ അരീവയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചത് എല്‍ആന്‍ഡ്ടിയുടെ ഓഹരിയില്‍ പ്രതിഫലിച്ചു. 2.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ക്യഷ്ണാ ഗോദാവരി തടത്തില്‍ എണ്ണശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയെ മുന്നോട്ട് നയിച്ചു. 2 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തിയ കമ്പനി തുടര്‍ച്ചയായി അഞ്ചു വ്യാപാരദിനങ്ങളില്‍ നേട്ടം രേഖപ്പെടുത്തി. ഭെലിന്റെ ഓഹരിയില്‍ 2 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായി. ഛത്തീസ്ഗഡിലെ ദൈനിക്ക് ഭാസ്ക്കര്‍ പവര്‍ ലിമിറ്റഡിലെ രണ്ടാമത്തെ യൂണിറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചതാണ് നേട്ടത്തിന് കാരണം.
3,100 കോടി രൂപ സമാഹരിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചത് എച്ച്ഡിഎഫ്സി ഓഹരിയ്ക്ക് നേട്ടമായി. പുറത്തുനിന്ന് വായ്പയെടുക്കാനാണ് ആര്‍ബിഐ അനുമതി നല്‍കിയത്. മൊസാംബിക്ക് വാതകപാടത്തിന്റെ 10 ശതമാനം ഓഹരി വാങ്ങാനുളള തീരുമാനം ഒഎന്‍ജിസിക്കും നേട്ടമായി. എഫ്എംസിജി കമ്പനികളായ ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളും മുന്നേറ്റമുണ്ടാക്കി. ഒരു ശതമാനം മുതല്‍ 1.5 ശതമാനം വരെ നേട്ടമാണ് രേഖപ്പെടുത്തിയത്. റാന്‍ബാക്സി ഓഹരിയുടമകള്‍ക്ക് ഓഹരികള്‍ അനുവദിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത് സണ്‍ഫാര്‍മയുടെ ഓഹരിയില്‍ പ്രതിഫലിച്ചു. ചൈനയില്‍ നിന്നും ഇറക്കുമതി കുറഞ്ഞത് മെറ്റല്‍ ഓഹരികളില്‍ ഇടിവുണ്ടാക്കി. ഹിന്‍ഡാല്‍കോ, സെസ്സാ സറ്റെര്ലെയറ്റ് ഓഹരികള്‍ നഷ്ടം നേരിട്ടു.